കൊച്ചി: പവിഴപ്പുറ്റുകളുടെ സംരക്ഷണം സംബന്ധിച്ച മൂന്നാമത് അന്താരാഷ്ട്ര സമ്മേളനം ‘സ്റ്റാപ്കോർ 2018’ ലക്ഷദ്വീപിൽ ഇന്ന് ആരംഭിക്കും. കേന്ദ്രമന്ത്രി ഡോ. ഹർഷവർധൻ മുഖ്യാതിഥിയായി പങ്കെടുക്കും. 24 വരെ ലക്ഷദ്വീപിലെ ബങ്കാരം ദ്വീപിലാണ് സമ്മേളനം.
കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്റെ കീഴിലുള്ള സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ സഹായത്തോടെ ലക്ഷദ്വീപ് കാലാവസ്ഥാ വനംവകുപ്പാണു സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്. ദ്വീപുകളുടെ നിലനിൽപ്പിനായി പവിഴപ്പുറ്റുകളുടെ സംരക്ഷണത്തിനായി നയങ്ങളും, മാർഗങ്ങളും ആവിഷ്കരിക്കുകയെന്നതാണ് വിഷയം. ഡയറക്ടർ ജനറൽ ഓഫ് ഫോറസ്റ്റ് ആൻഡ് സ്പെഷൽ സെക്രട്ടറി സിദ്ധാന്ത ദാസ്, അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് ഫോറസ്റ്റ് എം.എസ് നേഗി, അഡീഷണൽ സെക്രട്ടറി എ.കെ. മേത്ത എന്നിവർ പങ്കെടുക്കും.
വിവിധ രാജ്യങ്ങളിൽനിന്നുള്ള 77 പ്രതിനിധികളാണു സമ്മേളനത്തിൽ പങ്കെടുക്കുന്നത്.
‘സ്റ്റാപ്കോർ 2018’: അന്താരാഷ്ട്ര പവിഴപ്പുറ്റ് സമ്മേളനം ലക്ഷദ്വീപിൽ ഇന്നു മുതൽ
01:40 AM Oct 22, 2018 | Deepika.com