നിരോധനാജ്ഞ ലംഘിച്ച ബിജെപി നേതാക്കൾ അറസ്റ്റിൽ
12:59 AM Oct 21, 2018 | Deepika.com
പത്തനംതിട്ട: നിലയ്ക്കലിൽ നിരോധനാജ്ഞ ലംഘിച്ചു പ്രതിഷേധിച്ച ബിജെപി സംസ്ഥാന നേതാക്കൾ അടക്കമുള്ള പത്തു പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്ണൻ, സംസ്ഥാന സെക്രട്ടറിമാരായ ജെ.ആർ. പത്മകുമാർ, സി. ശിവൻകുട്ടി, സംസ്ഥാന സമിതിയംഗം ടി.ആർ. അജിത്കുമാർ, പത്തനംതിട്ട ജില്ലാ വൈസ്പ്രസിഡന്റ് വിജയകുമാർ മണിപ്പുഴ, കർഷകമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് സുരേഷ് കാദംബരി, ജില്ലാ ജനറൽ സെക്രട്ടറി വിനോദ് തിരുമൂലപുരം, ബിജെപി ആറന്മുള നിയോജക മണ്ഡലം പ്രസിഡന്റ് ടി.വി. അഭിലാഷ്, നിധീഷ് തിരുവല്ല, രാജ്കുമാർ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. അയ്യപ്പ വേഷത്തിൽ ഇരുമുടിക്കെട്ടുമായിട്ട് ഇവർ എത്തിയതിനാലാണ് ഇവരെ നിലയ്ക്കലിലേക്കു കടത്തിവിട്ടതെന്നു പോലീസ് പറഞ്ഞു.