കോഴിക്കോട്: ശബരിമലയിൽ അക്രമം നടത്താനെത്തുന്നവര്ക്കെതിരേ മുന്നറിയിപ്പുമായി പോലീസ്. കഴിഞ്ഞ ദിവസം നിലയ്ക്കലില്‍ പോലീസിനു നേരേ കല്ലെറിയുന്നവരുടെ ഫോട്ടോ സഹിതമുള്ള ട്രോളാണ് പോലീസ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.
ആക്ഷന്‍ ഹീറോ ബിജു സിനിമയിലെ എസ്ഐയായി വേഷമിട്ട നിവിന്‍പോളിയുടെ സംഭാഷണമെന്ന രീതിയിലാണ് പോസ്റ്റ് ‘ഇരുമുടിക്കെട്ടിന് പകരം കരിങ്കല്ലും കുറുവടിയുമായി വരുന്നവര്‍ മാത്രം ഞങ്ങളെ പേടിച്ചാല്‍ മതി... ഇവര്‍ ഞങ്ങളെക്കുറിച്ച് എന്ത് അപവാദം പറഞ്ഞാലും ശരി... നമ്മുടെ നാടിന്റെ സമാധാനം കാത്തു സൂക്ഷിക്കാന്‍ ഞങ്ങളാലാവുന്നത് ഞങ്ങള്‍ ചെയ്തിരിക്കും’ എന്നാണ് ട്രോള്‍ .
ഇതിനു പുറമേ മുന്നറിയിപ്പ് സന്ദേശവും പോലീസ് നല്‍കുന്നുണ്ട്. ‘നമ്മുടെ നാടിന്റെ സമാധാനാന്തരീക്ഷം കാത്തുസൂക്ഷിക്കേണ്ടത് പോലീസിനോടൊപ്പം നമ്മുടെ ഓരോരുത്തരുടെയും കടമയാണ്. ഗൂഢലക്ഷ്യങ്ങളോടെ സമൂഹമാധ്യമങ്ങള്‍ വഴിയും അല്ലാതെയും നടത്തുന്ന വ്യാജപ്രചാരണങ്ങള്‍ നമ്മള് തിരിച്ചറിയേണ്ടതുണ്ട്. ലഹളയ്ക്കായുള്ള ആഹ്വാനങ്ങളും, വർഗീയത പരത്തുന്ന സാമൂഹ്യ മാധ്യമ പോസ്റ്റുകളും, വ്യാജ വാര്‍ത്തകളും പ്രചരിപ്പിക്കുന്നത് ശിക്ഷാര്‍ഹമാണ്. നമ്മുടെ നാടിന്റെ സമാധാനം കാത്തുസൂക്ഷിക്കുന്നതിനു ഒറ്റക്കെട്ടായി നമുക്ക് കാവലാളാകാം. വ്യാജ വാര്‍ത്തകളും സ്പര്‍ധ വളര്‍ത്തുന്ന പോസ്റ്റുകളും ഷെയര്‍ ചെയ്യാതിരിക്കുക’ എന്നാണ് മുന്നറിയിപ്പ്.
പോലീസിനെതിരേ സമൂഹമാധ്യമംവഴി വ്യാപകപ്രതിഷേധം ഉയരുന്നതിനിടെയാണ് ഫേസ്ബുക്കിലൂടെ വിശദീകരണവുമായി പോലീസ് രംഗത്തെത്തിയത്. നിലയ്ക്കലില്‍ പോലീസ് റോഡരികില്‍ നിര്‍ത്തിയിട്ട ഇരുചക്രവാഹനങ്ങള്‍ വ്യാപകമായി നശിപ്പിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഫേസ്ബുക്കിലൂടെയും വാട്സ് ആപ്പിലൂടെയും പ്രചരിക്കുന്നത്. നിലയ്ക്കലിലെ അക്രമങ്ങള്‍ക്കിടയില്‍ പോലീസുകാര്‍ ഹെല്‍മറ്റ് മോഷ്ടിച്ചെന്ന ആരോപണമാണ് കമന്റുകളിലേറേയും. എന്നാല്‍ കാട്ടിൽ കയറി ഒളിച്ച ഹെല്‍മറ്റിന്റെ ഉടമ തിരിച്ചു വരുമ്പോള്‍ അത് നല്‍കാമെന്ന് പോലീസ് മറുപടി നല്‍കിയിട്ടുണ്ട്.
ശബരിമല: അക്രമികള്‍ക്ക് പോലീസ് മുന്നറിയിപ്പ്
12:14 AM Oct 20, 2018 | Deepika.com