തിരുവനന്തപുരം: അവിഭക്ത കൊല്ലം രൂപതയുടെ മെത്രാനായിരുന്ന ആർച്ച്ബിഷപ് അലോഷ്യസ് മരിയ ബെൻസിഗറിന്റെയും മുതിയാവിള വല്യച്ചൻ എന്നറിയപ്പെട്ടിരുന്ന ഫാ.അദെയോദാത്തൂസിന്റെയും പാങ്ങോട് കാർമൽഹിൽ ആശ്രമ ദേവാലയത്തിൽ സ്ഥതി ചെയ്യുന്ന കബറിടങ്ങൾ ഭക്തിസാന്ദ്രം. ഇരുവരെയും ദൈവദാസ പദവിയിലേക്കുയർത്തുന്നതിനോടനുബന്ധിച്ച് ഇന്നലെ ലത്തീൻ ഭാഷയിൽ നടന്ന ആഘോഷമായ സായാഹ്ന പ്രാർഥനയിൽ നൂറുകണക്കിനു വൈദികരും വൈദിക വിദ്യാർഥികളും പങ്കുകൊണ്ടു. തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് ഡോ.എം.സൂസപാക്യം മുഖ്യകാർമികനായിരുന്നു.
ദൈവദാസ പദവിയിലേക്ക് ഉയർത്തിയ ഫാ.അദെയോദാത്തൂസിന്റെ ഭൗതിക അവശിഷ്ടങ്ങൾ ഇന്നലെയാണ് ആശ്രമദേവാലയത്തിൽ ആർച്ച് ബിഷപ് അലോഷ്യസ് മരിയ ബെൻസിഗിന്റെ കബറിനോടു ചേർന്നു പ്രത്യേകം തയാറാക്കിയ കബറിടത്തിൽ അടക്കം ചെയ്തത്. വത്തിക്കാന്റെ പ്രത്യേക നിർദേശപ്രകാരമായിരുന്നു നടപടിക്രമങ്ങൾ. ഗവണ്മെന്റിനെ പ്രതിനിധീകരിച്ച് എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്റെയും പോലീസിന്റെയും മറ്റും സാന്നിധ്യത്തിലാണ് ശുശ്രൂഷകൾ നടന്നത്. കാർമൽഹിൽ ആശ്രമത്തിലെ വൈദികരെ സംസ്കരിക്കുന്ന സെമിത്തേരിയിലായിരുന്നു ആദ്യം അദ്ദേഹത്തെ സംസ്കരിച്ചിരുന്നത്.
ഫാ.അദെയോദത്തൂസിന്റെ കബറിടത്തിൽ നിന്നും കഴിഞ്ഞ ഞായറാഴ്ച ആരംഭിച്ച ദീപശിഖാപ്രയാണം ഇന്നലെ തിരികെ ആശ്രമ ദേവാലയത്തിലെത്തി. നെയ്യാറ്റിൻകര, കാട്ടാക്കട മേഖലകളിൽ ഫാ.അദെയോദത്തൂസ് സേവനമനുഷ്ഠിച്ച ദേവാലയങ്ങളിലൂടെ സഞ്ചരിച്ചാണ് ദീപശിഖാ പ്രയാണം ഇന്നലെ ദേവാലയത്തിൽ തിരികെയെത്തിയത്. ദീപശിഖ പ്രൊവിൻഷ്യാൾ ഫാ.സെബാസ്റ്റ്യൻ കൂടപ്പാട്ട് ഒസിഡി ഏറ്റുവാങ്ങി.
ആഴത്തിലുള്ള പ്രാർഥനയും ഈശ്വര ചൈതന്യവുമുള്ള കർമലീത്താ മിഷനറിമാരായിരുന്നു ആർച്ച് ബിഷപ് അലോഷ്യസ് മരിയ ബെൻസിഗറും ഫാ.അദെയോദാത്തൂസും എന്ന് സായാഹ്ന പ്രർഥനയ്ക്കു മുന്നോടിയായുള്ള ആമുഖ സന്ദേശത്തിൽ ഫാ.സെബാസ്റ്റ്യൻ കൂടപ്പാട്ട് ഒസിഡി പറഞ്ഞു. സായാഹ്ന പ്രാർഥനയിലും മറ്റു പ്രാർഥനാ ശുശ്രൂഷകളിലും കർമലീത്താ സഭയുടെ ബൽജിയത്തിൽ നിന്നുള്ള ഫ്ളാന്റേഴ്സ് പ്രോവിൻസിലെ പ്രൊവിൻഷ്യൽ ഫാ. പോൾ ദെ ബോയ്സ് ഒസിഡി, മലബാർ പ്രോവിൻസ് പ്രൊവിൻഷൽ ഫാ.സെബാസ്റ്റ്യൻ കൂടപ്പാട്ട് ഒസിഡി, കാർമൽഹിൽ ആശ്രമം റെക്ടർ ഫാ.അഗസ്റ്റിൻ പുന്നോലിൽ ഒസിഡി, ഫാ.ജോസഫ് മേച്ചേരിത്തകിടിയിൽ ഒസിഡി, ഫാ.ജോസഫ് പുഴക്കര ഒസിഡി, ഫാ.ജയിംസ് ആലക്കുടിയിൽ ഒസിഡി തുടങ്ങിയവർ പങ്കെടുത്തു.
ആർച്ച് ബിഷപ് അലോഷ്യസ് മരിയ ബെൻസിഗറിനെയും ഫാ.അദെയോദാത്തൂസിനെയും ദൈവദാസ പദവിയിലേക്ക് ഉയത്തിയതിനോടനുബന്ധിച്ചുള്ള കൃതജ്ഞതാബലി ഇന്നു വൈകുന്നേരം 4.30ന് പാങ്ങോട് കാർമൽഹിൽ ആശ്രമത്തിൽ ആരംഭിക്കും. തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച്ബിഷപ്പ് ഡോ.എം.സൂസപാക്യം മുഖ്യകാർമികനായിരിക്കും. തുടർന്ന് പൊതുസമ്മേളനവും സ്നേഹവിരുന്നും ഉണ്ടായിരിക്കും.
കബറിടങ്ങൾ ഭക്തിസാന്ദ്രം; അനുഗ്രഹ വർഷമായി കൃതജ്ഞതാ ബലി ഇന്ന്
11:50 PM Oct 19, 2018 | Deepika.com