തിരുവനന്തപുരം: തുലാവർഷമെത്തും മുൻപേ ഈ മാസം സംസ്ഥാനത്ത് പെയ്തത് 41 ശതമാനം അധിക മഴ. ഒക്ടോബർ മുതൽ ഡിസംബർ വരെ നീളുന്ന തുലാവർഷക്കാലത്ത് ഇന്നലെ വരെ സംസ്ഥാനത്തു പെയ്യേണ്ടിയിരുന്നത് 161 മില്ലിമീറ്റർ മഴയാണ്. എന്നാൽ പെയ്തത് 227 മില്ലിമീറ്ററാണ്.
തുലാവർഷം എത്തും മുൻപു തന്നെ മികച്ച മഴ ലഭിച്ചതോടെ ഒരു വർഷത്തിൽ കേരളത്തിനു കിട്ടേണ്ട ആകെ മഴയേക്കാൾ 12 ശതമാനം അധിക മഴയും ഇതിനോടകം ലഭിച്ചു കഴിഞ്ഞതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
2924.7 മില്ലിമീറ്റർ മഴയാണ് ഒരു വർഷം കേരളത്തിനു കിട്ടേണ്ടത്. എന്നാൽ, ഇന്നലെ വരെ 3281 മില്ലിമീറ്റർ മഴ പെയ്തു. 37 ശതമാനം അധികം പെയ്ത വേനൽ മഴയ്ക്കു ശേഷം കേരളത്തെ പ്രളയത്തിൽ മുക്കിയ തെക്കുപടിഞ്ഞാറൻ കാലവർഷത്തിലെ തോരാ മഴയുമാണ് വാർഷിക മഴയുടെ കണക്ക് ഉയർത്തിയത്. ഇതിനു പിന്നാലെ അറബിക്കടലിൽ രൂപം കൊണ്ട ലുബാൻ ചുഴലിക്കാറ്റിന്റെയും ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട തിത്ത്ലിചുഴലിക്കാറ്റിന്റെയും പ്രഭാവം തുലാവർഷം എത്തും മുൻപു തന്നെ കേരളത്തിൽ കനത്ത മഴയ്ക്കു കാരണമാവുകയും ചെയ്തതായാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം വ്യക്തമാക്കുന്നത്.
അതേസമയം തുലാവർഷം അടുത്ത ആഴ്ചയോടെ കേരളത്തിലെത്തുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ നിഗമനം. തുലാവർഷം കഴിഞ്ഞ ആഴ്ച തന്നെ സംസ്ഥാനത്ത് പെയ്തു തുടങ്ങുമെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം നേരത്തെ പ്രവചിച്ചിരുന്നു. എന്നാൽ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം തിത്ലി ചുഴലിക്കാറ്റായി മാറിയത് തുലാവർഷത്തിന്റെ വരവ് വൈകിപ്പിക്കാനിടയാക്കിയതെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം വിശദീകരിക്കുന്നത്.
വടക്കു കിഴക്കൻ കാറ്റ് ശക്തിപ്പെട്ടാൽ മാത്രമേ കേരളത്തിൽ തുലാവർഷം പെയ്ത്ത് ആരംഭിക്കൂ. എന്നാൽ, നിലവിൽ കാറ്റിന്റെ ഗതി തെക്കുപടിഞ്ഞാറൻ ദിശയിലാണ്. ചൊവ്വാഴ്ചയോടെ കാറ്റിന്റെ ഗതി വടക്കു കിഴക്കൻ ദിശയിലേക്കു മാറുകയും തുലാവർഷം പെയ്ത്തു തുടങ്ങുമെന്നുമാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ വിലയിരുത്തൽ. ഇതോടൊപ്പം ആൻഡമാൻ തീരത്ത് രൂപപ്പെടാൻ സാധ്യതയുള്ള ന്യനമർദവും തുലാവർഷത്തിന്റെ വരവിന് ആക്കം കൂട്ടുമെന്നും കാലാവസ്ഥാ നിരീക്ഷകർ വ്യക്തമാക്കി.
തുലാവർഷത്തിൽ നിന്നു കേരളത്തിനു കിട്ടേണ്ട ആകെ മഴ 480.7 മില്ലിമീറ്ററാണ്. എന്നാൽ തുലാവർഷം എത്തും മുൻപു തന്നെ കേരളത്തിൽ പെയ്തിറങ്ങിയത് 227 മില്ലീമീറ്റർ മഴയാണ്. തുലാവർഷം കൂടിയെത്തുന്നതോടെ മഴക്കണക്കുകൾ ഇക്കുറി റിക്കാർഡിലെത്തുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം വ്യക്തമാക്കുന്നത്. കേരളത്തിൽ ഇന്നലെ വരെ പെയ്ത മഴയുടെ കണക്കുകൾ മില്ലിമീറ്ററിൽ സീസണ് അടിസ്ഥാനത്തിൽ ചുവടെ. സീസണ്-പെയ്ത മഴ (പെയ്യേണ്ടിയിരുന്ന മഴ) എന്ന ക്രമത്തിൽ.
ശൈത്യ മഴ
(ജനുവരി, ഫെബ്രുവരി)- 17.1(24.4).
വേനൽ മഴ
(മാർച്ച്, ഏപ്രിൽ, മേയ്)- 521.8(379.9).
കാലവർഷം(ജൂണ്, ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബർ)-2515.7 (2039.7).
ഒക്ടോബറിൽ ഇന്നലെ വരെ-227(161).
തുലാമഴയെത്തും മുൻപേ 41 ശതമാനം അധികമഴ
08:00 PM Oct 17, 2018 | Deepika.com