കോട്ടയം: എറണാകുളം, തൃശൂർ ജില്ലകളിൽ നടന്ന എടിഎം കവർച്ചയും കോട്ടയം ജില്ലയിലെ എടിഎമ്മുകളിൽ നടന്ന കവർച്ചാശ്രമവും അന്വേഷിക്കുന്നതിനു കൂടുതൽ പോലീസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി പ്രത്യേകസംഘത്തെ നിയോഗിച്ചു.
സൗത്ത് സോണ്‍ എഡിജിപി അനിൽകാന്താണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. കൊച്ചി സിറ്റി കമ്മീഷണർ എം.പി. ദിനേശാണ് അന്വേഷണസംഘത്തലവൻ. എസ്പിമാരായ എം.കെ. പുഷ്കരൻ (തൃശൂർ റൂറൽ), ഹരിശങ്കർ (കോട്ടയം), ജെ. ഹിമേന്ദ്രനാഥ് (കൊച്ചി സിറ്റി ഡെപ്യൂട്ടി കമ്മീഷണർ), ഡിവൈഎസ്പിമാരായ എസ്. സുരേഷ്കുമാർ (ചങ്ങനാശേരി), ടി.പി. ഷംസ് (തൃക്കാക്കര), സി.ആർ. സന്തോഷ് (ചാലക്കുടി)എന്നിവരാണു പ്രത്യേക അന്വേഷണ സംഘത്തിലുള്ളത്. ഇവർ നിർദേശിക്കുന്ന എസ്ഐമാരെയും പോലീസുകാരെയും പ്രത്യേക അന്വേഷണ സംഘത്തൊടൊപ്പം ചേർക്കും.
അഞ്ചു കേസുകളാണ് ഇവരുടെ അന്വേഷണ പരിധിയിലുള്ളത്. ചിങ്ങവനം പോലീസ് സ്റ്റേഷൻ പരിധിയിലുള്ള മണിപ്പുഴയിൽനിന്നു പിക്അപ് വാൻ മോഷ്ടിച്ചാണു കവർച്ചക്കാർ ആദ്യം കടന്നത്. ഇതിനു ചിങ്ങവനത്ത് ഒരു കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കുറവിലങ്ങാട്ട് എടിഎം കവർച്ചാ ശ്രമത്തിനു കേസുണ്ട്. ഹിൽപാലസ്, കളമശേരി, കൊരട്ടി എന്നിവിടങ്ങളിലെ കവർച്ചാ കേസുകളും ഉൾപ്പെടെ അഞ്ചു കേസുകളാണു പ്രത്യേക സംഘം അന്വേഷിക്കുന്നത്.
എടിഎം കവർച്ച: അന്വേഷണത്തിനു പ്രത്യേക സംഘം
07:27 PM Oct 17, 2018 | Deepika.com