തളിപ്പറമ്പ്: ബ്രൂവറി ലൈസന്‍സ് സംബന്ധിച്ച് സര്‍ക്കാർ നിലപാടുകളിൽ യാതൊരുതെറ്റുമില്ലെന്നു വ്യവസായ മന്ത്രി ഇ.പി. ജയരാജന്.
കേരളത്തില്‍ നിലവിലുള്ള ഐക്യവും സമാധാനവും നിലനിര്‍ത്തുന്നതിനുവേണ്ടി മാത്രമാണ് ലൈസന്‍സ് റദ്ദാക്കിയത്. മങ്ങാട്ടുപറമ്പ് കെഎപി നാലാം ബറ്റാലിയനില്‍ പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ കൈത്താങ്ങായ സേനാംഗങ്ങൾക്കുള്ള അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി. മഹാപ്രളയത്തില്‍ തകര്‍ന്ന കേരളത്തെ സഹായിക്കാന്‍ സാധാരണക്കാര്‍പോലും തങ്ങളാല്‍ കഴിയുന്ന സഹായം ചെയ്തപ്പോള്‍ സാലറി ചലഞ്ചിന്റെ പേരില്‍ രാഷ്ട്രീയം കളിക്കാനാണ് ഒരുവിഭാഗം ജീവനക്കാര്‍ ശ്രമിച്ചതെന്ന് മന്ത്രി കുറ്റപ്പെടുത്തി.
സംസ്ഥാനത്ത് പുതുതായി വനിതാ ബറ്റാലിയനും ഫയര്‍ഫോഴ്സില്‍ വനിതകളുടെ പ്രത്യേക വിഭാഗവും ആരംഭിക്കാനുള്ള നടപടികൾ പൂര്‍ത്തിയായെന്നും മന്ത്രി പറഞ്ഞു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കാളികളായ സേനാംഗങ്ങള്‍ക്ക് മന്ത്രി ഉപഹാരം നല്കി.
കേരള പോലീസ് അസോസിയേഷന് ജില്ലാ പ്രസിഡന്റ് പി.വി. റെനീഷ് അധ്യക്ഷത വഹിച്ചു. കെഎപി കമന്‍ഡാന്‍ഡ് കോറി സഞ്ജയ് കുമാര്‍ ഗുരുഡിന്, ആന്തൂര്‍ നഗരസഭാധ്യക്ഷ പി.കെ.ശ്യാമള, സണ്ണി ജോസഫ്, റോയ് പി.ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.
ബ്രൂവറി: സർക്കാർ നിലപാടിൽ തെറ്റില്ലെന്നു മന്ത്രി ഇ.പി. ജയരാജൻ
12:39 AM Oct 16, 2018 | Deepika.com