തിരുവനന്തപുരം:ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ പ്രതിഷേധം വ്യാപകമാകുന്ന സാഹചര്യത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് സമവായ ചർച്ചയ്ക്കു തന്ത്രിമാർ അടക്കമുള്ളവരെ ക്ഷണിച്ചു. നാളെ രാവിലെ പത്തിനു തിരുവനന്തപുരത്തെ ദേവസ്വം ബോർഡ് ആസ്ഥാനത്താണു ചർച്ച.
ചർച്ചയിൽ പങ്കെടുക്കുമെന്നും എന്നാൽ, ചർച്ചാവിഷയം നിർണായകമാണെന്നും തന്ത്രി കുടുംബം അഭിപ്രായപ്പെട്ടു. സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ടുള്ള മുൻ നിലപാടിൽ ഉറച്ചു നിൽക്കുന്നതായി തന്ത്രി കണ്ഠര് രാജീവര് പറഞ്ഞു. സുപ്രീം കോടതി വിധിക്കെതിരേ ദേവസ്വം ബോർഡ് പുനഃപരിശോധനാ ഹർജി ഫയൽ ചെയ്യണമെന്നാണു തന്ത്രി കുടുംബത്തിന്റെ ആവശ്യം. മുൻവിധിയോടെ ചർച്ച നടത്തിയിട്ടു കാര്യമില്ലെന്നു പന്തളം കൊട്ടാരം നിർവാഹക സംഘം പ്രസിഡന്റ് ശശികുമാരവർമ ദീപികയോടു പറഞ്ഞു. ചർച്ചയിൽ പങ്കെടുക്കണമോയെന്ന് ഇന്നു തീരുമാനിക്കും.
ചർച്ചയിൽ ദേവസ്വംബോർഡ് നൽകുന്ന ഉറപ്പുകൾ പാലിക്കാൻ സർക്കാർ തയാറാകുമോ എന്ന സംശയവും ഇവർക്കുണ്ട്. ശബരിമല വിഷയം സമവായത്തിലൂടെ പരിഹരിക്കുന്നതിനുള്ള ശ്രമങ്ങൾ സ്വീകരിക്കാനാണു സർക്കാർ തിരുവിതാംകൂർ ദേവസ്വം ബോർഡിനോട് അവശ്യപ്പെട്ടിട്ടുള്ളത്. കോടതി വിധി നടപ്പാക്കുന്നതിൽ സാവകാശം തേടുന്നത് അടക്കമുള്ള നിലപാടും തന്ത്രിമാരെ ബോർഡ് അറിയിക്കുമെന്നാണു വിവരം. നിലപാടു തിരുത്തി സർക്കാർ മുന്നോട്ടു വന്നാൽ മാത്രമേ സമവായ ചർച്ച കൊണ്ടു പ്രയോജനമുണ്ടാകുകയുള്ളുവത്രേ. നേരത്തെ, വിധി നടപ്പാക്കുന്നതിനെക്കുറിച്ചു ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച യോഗത്തിൽ തന്ത്രിമാരും പന്തളം കൊട്ടാരം പ്രതിനിധികളും അടക്കമുള്ളവർ പങ്കെടുത്തിരുന്നില്ല. സംസ്ഥാന സർക്കാർ നീക്കത്തിനെതിരേ സ്ത്രീകൾ അടക്കമുള്ള വിശ്വാസികൾ തെരുവിൽ ഇറങ്ങിയതോടെ സർക്കാരും പ്രതിരോധത്തിലായി.
എൻഎസ്എസും യോഗക്ഷേമസഭയും പരസ്യമായി സമര രംഗത്ത് എത്തിയപ്പോൾ, ആദ്യം സർക്കാരിനെ അനുകൂലിച്ച എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ തൊട്ടടുത്ത ദിവസം നിലപാടു മാറ്റി വിശ്വാസികൾക്കൊപ്പമായി.
ചർച്ച മുൻവിധിയോടെയല്ല: ബോർഡ് പ്രസിഡന്റ്
യാതൊരു മുൻവിധിയോടെയുമല്ല ചർച്ച നടത്തുന്നതെന്നും നിലവിലുള്ള എല്ലാ വിഷയങ്ങളും ചർച്ച ചെയ്തു പരിഹരിക്കുന്നതിനുള്ള ശ്രമമാണു നടത്തുന്നതെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ പറഞ്ഞു. തന്ത്രിമാർ, പന്തളം കൊട്ടാരം, അയ്യപ്പ സേവാസംഘം, അയ്യപ്പ സേവാ സമാജം, യോഗക്ഷേമസഭ തുടങ്ങിയ ശബരിമലയുമായി ബന്ധപ്പെട്ട എല്ലാവരേയും ചർച്ചയ്ക്കായി ക്ഷണിച്ചിട്ടുണ്ട്.
ശബരിമല: നാളെ സമവായ ചർച്ച
01:25 AM Oct 15, 2018 | Deepika.com