തിരുവനന്തപുരം: ശബരിമലയിലേക്കില്ല എന്ന് ആദ്യം പറഞ്ഞ തൃപ്തി ദേശായി ഇപ്പോൾ വരുമെന്നു പറയുന്നത് ആരുടെയൊക്കെയോ പ്രേരണമൂലമാണെന്നു ബിജെപി വക്താവ് എം.എസ്.കുമാർ.
ശബരിമലയിൽ സംഘർഷം ഉണ്ടാക്കാൻ ചിലരുടെ ഭാഗത്തു നിന്നു നടക്കുന്ന ശ്രമങ്ങളുടെ ഭാഗമാണിത്. തൃപ്തി ദേശായിയുടെ ലക്ഷ്യം ശബരിമലയിൽ സംഘർഷമുണ്ടാക്കലാണ്. ശബരിമല വിഷയത്തിൽ സംഘർഷം ഉണ്ടാക്കാൻ ബിജെപി ആഗ്രഹിക്കുന്നില്ലെന്നും എം.എസ്. കുമാർ പറഞ്ഞു.
ഇന്ന് തിരുവനന്തപുരത്ത് സമാപിക്കുന്ന എൻഡിഎയുടെ ശബരിമല സംരക്ഷണയാത്ര രാവിലെ 10.30ന് പട്ടത്ത് ആരംഭിക്കും. ബിജെപി ദേശീയ ജനറൽ സെക്രട്ടറി മുരളീധർ റാവുവും കർണാടകത്തിലെ ആറ് എംഎൽഎമാരും പങ്കെടുക്കും. ശബരിമല വിഷയത്തിൽ ബിജെപി കേന്ദ്ര നേതൃത്വം വിശ്വാസികൾക്കൊപ്പമാണ്. 17ന് പത്തനംതിട്ടയിൽ ബിജെപി വിശ്വാസി സംഗമം സംഘടിപ്പിക്കും. സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരൻപിള്ള നേതൃത്വം നൽകും. ദേവസ്വം ബോർഡ് കമ്മീഷണർ സ്ഥാനത്തേക്ക് ഹിന്ദുക്കളെ മാത്രമേ പരിഗണിക്കാവൂ എന്ന നിബന്ധന സർക്കാർ മാറ്റിയിരിക്കുകയാണ്. ഇതിനെതിരേ ഹൈക്കോടതിയെ സമീപിക്കുമെന്നും എം.എസ്.കുമാർ പറഞ്ഞു.
തൃപ്തി ദേശായി വരുന്നത് ആരുടെയോ പ്രേരണ മൂലം: ബിജെപി
01:04 AM Oct 15, 2018 | Deepika.com