തിരുവനന്തപുരം: വിവാദമായ ബ്രൂവറി അനുമതി റദ്ദാക്കി സർക്കാർ ഉത്തരവിറക്കി. നിയമങ്ങളും ചട്ടങ്ങളും അനുസരിച്ചാണ് അനുമതി നൽകിയതെങ്കിലും വിവാദങ്ങളുണ്ടാക്കി യോജിപ്പിന്റെ അന്തരീക്ഷം ഇല്ലാതാക്കാൻ ശ്രമം നടന്നതിനാലാണ് അനുമതി റദ്ദാക്കുന്നതെന്നാണ് ഉത്തരവിൽ പറയുന്നത്. എന്നാൽ, സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് മറ്റൊരു കള്ളക്കളിയാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.
നിയമാനുസൃതം നൽകിയ അനുമതി റദ്ദാക്കുന്നതിനു വിവാദം ഒരു കാരണമായി പറയുന്നതു നിയമപരമായി സാധുവല്ലാത്തതാണ്. അതിനാൽ കോടതിയിൽ ഈ ഉത്തരവ് നിലനിൽക്കില്ല. അനുമതി റദ്ദാക്കപ്പെട്ട ബ്രൂവറികളുടെയും ഡിസ്റ്റിലറികളുടെയും ഉടമകൾക്ക് കോടതിയിൽ പോകാൻ കഴിയും. സർക്കാർ ഉദ്ദേശിക്കുന്നതും അതു തന്നെയാണ്. വിവാദം ഉണ്ടായതിനാൽ നൽകിയ അനുമതി റദ്ദാക്കുന്നു എന്ന് ഉത്തരവിൽ എഴുതി വയ്ക്കുന്നത് ഭരണഘടനാപരമല്ലെന്നു മാത്രമല്ല യുക്തിരഹിതവും പരിഹാസ്യവുമാണെന്നും അദ്ദേഹം ആരോപിച്ചു.
ബ്രൂവറി ഉത്തരവ്: മദ്യമാഫിയയുമായി ചേർന്നുള്ള കള്ളക്കളി:രമേശ് ചെന്നിത്തല
12:17 AM Oct 14, 2018 | Deepika.com