ചെറുതോണി: ചെറുതോണി ഡാം ഉടൻ തുറക്കുമെന്ന പ്രഖ്യാപനം കേട്ട് ധൃതിപിടിച്ചു നാട്ടുകാർ താത്കാലിക പാലം പൊളിച്ചുനീക്കി. അപ്പോൾ അടുത്ത പ്രഖ്യാപനം വന്നു, ഡാം ഉടൻതുറക്കുന്നില്ല. പെരിയാറിനു കുറുകെ വെള്ളക്കയത്താണ് സംഭവം. കഴിഞ്ഞ ഓഗസ്റ്റിൽ അണക്കെട്ടു തുറന്നതിനെത്തുടർന്ന് പെരിയാറിൽ നിരവധി ചപ്പാത്തുകളും പാലങ്ങളും തകർന്നിരുന്നു. വെള്ളക്കയത്ത് തകർന്ന പാലം 80-ഓളംപേരുടെ കഠിനാധ്വാനത്തിലാണ് പുനർനിർമിക്കാനായത്. വലിയ തടികളും തെങ്ങുകളും നിരത്തിയാണു പാലം നിർമിച്ചത്. മരത്തടികൾക്കുപുറമെ പാലത്തിലേക്കു കടക്കാനുള്ള ഭാഗത്തു വലിയ കല്ലുകൾ നിരത്തിയുമാണിവിടെ നാട്ടുകാർ പാലം പുനർനിർമിച്ചത്.
അണക്കെട്ടു തുറക്കുമെന്ന അറിയിപ്പിനെത്തുടർന്ന് ഇന്നലെ നാട്ടുകാർ പാലം പൊളിച്ചുമാറ്റിയപ്പോഴാണ് അണക്കെട്ടു തുറക്കുന്നില്ലെന്ന പ്രഖ്യാപനമുണ്ടായത്.
ഇടുക്കി അണക്കെട്ട് തുറക്കാനുള്ള അനുമതി സർക്കാരിൽനിന്നു ലഭിച്ചില്ലെന്ന കാരണം പറഞ്ഞാണ് വൈദ്യുതി വകുപ്പ് തീരുമാനം പിൻവലിച്ചത്.
ഡാം തുറക്കുമെന്നുകേട്ട് പാലം പൊളിച്ചു; അപ്പോൾ പറയുന്നു, തുറക്കില്ലെന്ന്
02:12 AM Oct 06, 2018 | Deepika.com