തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി നടപ്പാക്കുന്നതിന്റെ ഭാഗമായി സന്നിധാനത്തു വനിതാ പോലീസിനെ നിയോഗിക്കാൻ തീരുമാനം. കഴിഞ്ഞ ദിവസം പോലീസ് ഉന്നതരും തിരുവിതാംകൂർ ദേവസ്വം ബോർഡ് അധികൃതരുമായി നടത്തിയ ചർച്ചയിലാണു തീരുമാനം. തുലാമാസം ഒന്നു മുതൽ വനിതാ പോലീസിനെ അവിടെ നിയോഗിക്കുമെന്നു സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയും അറിയിച്ചു.
എന്നാൽ, സംസ്ഥാന പോലീസ് സേനയിലെ ഭൂരിഭാഗം വനിതാ പോലീസുകാരും ശബരിമലയിലേക്കു പോകാൻ വിസമ്മതിക്കുന്ന സാഹചര്യത്തിൽ അയൽ സംസ്ഥാനങ്ങളിൽനിന്നു ശബരിമല ഡ്യൂട്ടിക്കായി വനിതാ പോലീസിനെ ആവശ്യപ്പെട്ടുകൊണ്ടു ഡിജിപി കത്തു നൽകി. തമിഴ്നാട്, ആന്ധ്രപ്രദേശ്, കർണാടക, തെലുങ്കാന, പുതുച്ചേരി സംസ്ഥാനങ്ങളിൽനിന്നാണു വനിതാ പോലീസുകാരെ ആവശ്യപ്പെട്ടത്. വനിതകൾ ശബരിമല ദർശനത്തിന് എത്തുന്പോഴുള്ള സംഘർഷ സാധ്യത കണക്കിലെടുത്തു കൂടുതൽ വനിതാ പോലീസുകാരെ ജോലിക്കായി നിയോഗിക്കേണ്ടിവരുമെന്നാണ് ഇന്റലിജൻസ് വിഭാഗം റിപ്പോർട്ട്.
സ്ത്രീപ്രവേശനം നടപ്പാക്കാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനത്തിൽ പ്രതിഷേധിച്ച് ആയിരക്കണക്കിനു സ്ത്രീകളുടെ നേതൃത്വത്തിൽ സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളിൽ പ്രതിഷേധ പരിപാടികൾ നടക്കുന്ന സാഹചര്യത്തിൽ ശബരിമലയിലും സംഘർഷസാധ്യതയുണ്ട്. കൂടാതെ യുഡിഎഫും ബിജെപിയും പ്രതിഷേധ പരിപാടികളുമായി രംഗത്ത് എത്തിയതോടെ സ്ഥിതി കൂടുതൽ ഗുരുതരമാകുമെന്നും ഇന്റലിജൻസ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. സുപ്രീംകോടതി വിധി നടപ്പാക്കാനുള്ള സർക്കാർ നിലപാടിനെ തമിഴ്നാട്ടിലെ ജെല്ലിക്കെട്ട് മോഡലിൽ പ്രതിരോധിക്കുമെന്നു കെപിസിസി വർക്കിംഗ് പ്രസിഡന്റ് കെ. സുധാകരൻ പറഞ്ഞിരുന്നു. ശബരിമല വിഷയത്തിൽ തങ്ങളെ രാഷ്ട്രീയ സമരത്തിലേക്കു തള്ളിവിട്ടതു സംസ്ഥാന സർക്കാരാണെന്നു ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ് ആരോപിച്ചിരുന്നു.
സംസ്ഥാനത്തെ വനിതാ പോലീസുകാരെ നിർബന്ധിച്ചു ശബരിമല ഡ്യൂട്ടിക്കു നിയോഗിക്കാൻ സർക്കാരിനു കഴിയില്ല. ഈ സാഹചര്യത്തിലാണു അയൽസംസ്ഥാന പോലീസിന്റെ സേവനം തേടുന്നത്. അയൽ സംസ്ഥാനങ്ങളിൽനിന്ന് ഓരോ പ്ലാറ്റൂണ് വനിതാ പോലീസുകാരെയെങ്കിലും വിട്ടുനൽകണമെന്നാണു ഡിജിപി കത്തിൽ ആവശ്യപ്പെട്ടിട്ടുള്ളത്. എന്നാൽ, ഇവിടെ നിന്നുള്ള വനിതാ ബറ്റാലിയൻ പോലീസുകാരെ സുരക്ഷാ ജോലിക്കായി നിയോഗിക്കുമെന്നു ഡിജിപി ലോക്നാഥ് ബെഹ്റ പറഞ്ഞു.
ഇപ്പോൾ പന്പ ഗണപതി കോവിലിനു സമീപം വരെയാണു വനിതാ പോലീസിന്റെ സേവനം ലഭ്യമാക്കിയിരുന്നത്.
ശബരിമല സന്നിധാനേ ത്തക്ക് ഇതര സംസ്ഥാന വനിതാ പോലീസ്
02:12 AM Oct 06, 2018 | Deepika.com