കൊച്ചി: സ്കൂൾ അധ്യാപകർക്കും വിദ്യാർഥികൾക്കുമായി സംസ്ഥാന വിദ്യാഭ്യാസവകുപ്പിന്റെ ഐടി അറ്റ് സ്കൂൾ വിഭാഗം നടത്തുന്ന പരിശീലന പരിപാടികൾ ഞായറാഴ്ചകളിൽ വേണ്ടെന്നു കേരള കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് സംസ്ഥാനസമിതി. ഞായറാഴ്ചകൾ പോലുള്ള പൊതു അവധിദിനങ്ങളിൽ ഇത്തരം പരിശീലനങ്ങൾ സംഘടിപ്പിക്കുന്നത് ദുരുദ്ദേശ്യപരമാണെന്നു സമിതി ചൂണ്ടിക്കാട്ടി.
സ്കൂളുകളിൽ നടപ്പാക്കുന്ന ലിറ്റിൽ കൈറ്റ്സ് പദ്ധതിയുടെ ഭാഗമായിട്ടുള്ള ഉപജില്ലാ പരിശീലനക്യാന്പുകൾ സെപ്റ്റംബർ 29, 30, ഒക്ടോബർ 6, 7 തീയതികളിലാണു സംഘടിപ്പിച്ചിരിക്കുന്നത്. സംസ്ഥാനത്തുടനീളം മുന്നൂറിൽപരം കേന്ദ്രങ്ങളിൽ നടക്കുന്ന പരിശീലന പരിപാടികളിൽ ആയിരക്കണക്കിനു വിദ്യാർഥികളും അധ്യാപകരും പങ്കെടുക്കേണ്ടതുണ്ട്.
ക്രൈസ്തവ വിശ്വാസികൾക്കു ഞായറാഴ്ചകളിൽ ആരാധനയിലും വിശ്വാസപരിശീലന ക്ലാസുകളിലും പങ്കെടുക്കേണ്ടതുള്ളതുകൊണ്ടു ഞായറാഴ്ചകളിൽ ക്രമീകരിച്ചിരിക്കുന്ന പരിശീലന പരിപാടികൾ മാറ്റിവയ്ക്കാൻ ബന്ധപ്പെട്ടവരുടെ അടിയന്തരമായ ഇടപെടലുകൾ ഉണ്ടാകണം.
കഴിഞ്ഞ ഏതാനും വർഷങ്ങളായി ഞായറാഴ്ച പരിശീനപരിപാടികൾ സംഘടിപ്പിക്കുന്നതിൽ ഐടി അറ്റ് സ്കൂളിലെ ചിലർ പ്രത്യേക താല്പര്യം കാണിക്കുന്നതിൽ ശക്തമായ പ്രതിഷേധമുണ്ട്. ഇക്കാര്യം സർക്കാരിന്റെയും വിദ്യാഭ്യാസമന്ത്രിയുടെയും ശ്രദ്ധയിൽ കൊണ്ടുവരുമെന്നു കെസിബിസി വിദ്യാഭ്യാസ കമ്മീഷൻ സെക്രട്ടറി ഫാ. ജോസ് കരിവേലിക്കൽ, ടീച്ചേഴ്സ് ഗിൽഡ് സംസ്ഥാന പ്രസിഡന്റ് സാലു പതാലിൽ, സെക്രട്ടറി ജോഷി വടക്കൻ എന്നിവർ പ്രസ്താവനയിൽ അറിയിച്ചു.
ഞായറാഴ്ചകളിലെ പരിശീലന പരിപാടികൾ ഒഴിവാക്കണം: കാത്തലിക് ടീച്ചേഴ്സ് ഗിൽഡ്
01:12 AM Sep 26, 2018 | Deepika.com