തിരുവനന്തപുരം: സാമൂഹ്യ ക്ഷേമ വകുപ്പിന് കീഴിലുള്ള മലപ്പുറം ജില്ലയിലെ തവനൂർ വൃദ്ധസദനത്തിൽ നാലു പേർ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സാമൂഹ്യക്ഷേമ മന്ത്രി കെ കെ ശൈലജയ്ക്കു കത്ത് നൽകി.
ഞായറാഴ്ചയും തിങ്കളാഴ്ചയുമായി നാലു വൃദ്ധരാണ് ഇവിടെ മരിച്ചത്. ഡോക്ടർ മരണം സർട്ടിഫൈ ചെയ്യാതെയും ആരെയും അറിയിക്കാതെയും ഞായറാഴ്ച മരിച്ചയാളെ സംസ്കരിച്ചിരുന്നു. തിങ്കളാഴ്ച പുലർച്ചെ മരിച്ച മൂന്നു പേരെയും അതേ രീതിയിൽ സംസ്കരിക്കാൻ ശ്രമിച്ചപ്പോഴാണ് നാട്ടുകാർ അറിഞ്ഞതും അതിനുള്ള ശ്രമം തടഞ്ഞതും. ഈ വൃദ്ധ സദനത്തിലെ അന്തേവാസികളുടെ ആരോഗ്യ പരിപാലനത്തിൽ വളരെയേറെ അപാകതകളുണ്ടെന്ന സൂചന പരിസരവാസികൾ നൽകുന്നുണ്ട്. ഇവർക്കു കൃത്യമായി മരുന്നുകൾ കൊടുക്കുന്നില്ലെന്നും പരാതി പറയുന്ന അന്തേവാസികളെ മറ്റു ജില്ലകളിലേക്ക് ആരുമറിയാതെ മാറ്റുന്നു എന്നും ആരോപണമുണ്ട്.
തവനൂർ ബ്ളോക്ക് പഞ്ചായത്തിന്റെ കീഴിലാണ് ഈ വൃദ്ധസദനം പ്രവർത്തിക്കുന്നത്. സൂപ്രണ്ട് അടക്കമുള്ള ജീവനക്കാർ വൃദ്ധസദനത്തിന്റെ നടത്തിപ്പിൽ തികഞ്ഞ അലംഭാവമാണ് കാണിക്കുന്നതെന്ന പരാതിയും ഇവിടുത്തെ അന്തേവാസികൾ പലതവണ ഉന്നയിച്ചിട്ടുണ്ട്. ഇതിന്റെ പശ്ചാലത്തിൽ വിശദമായ അന്വേഷണം വേണമെന്ന് ചൂണ്ടിക്കാട്ടിയാണ് രമേശ് ചെന്നിത്തല സാമൂഹ്യക്ഷേമ മന്ത്രി കെ കെ ശൈലജക്ക് കത്ത് നൽകിയത്.
ദുരൂഹമരണങ്ങളെക്കുറിച്ച് അന്വേഷണം വേണം: ചെന്നിത്തല
12:58 AM Sep 25, 2018 | Deepika.com