കോഴിക്കോട്: ഡ്രോൺ ഉപയോഗിച്ച് ഫോട്ടോയെടുക്കുന്നതിന് നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്താൻ രാജ്യത്ത് ഡ്രോണ്‍ പോളിസി തയാറാക്കുന്നു. അനുമതിയും നിയന്ത്രണവും എല്ലാം ഡിജിറ്റല്‍ സ്കൈ എന്ന ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമില്‍ വരുന്ന വിധത്തില്‍ ഡിസംബര്‍ ഒന്നുമുതലാണ് നിയന്ത്രണങ്ങള്‍ നടപ്പാക്കുകയെന്ന് കേരള പോലീസിന്റെ ഔദ്യോഗിക ഫേസ്ബുക്കിൽ വിശദീകരിക്കുന്നു.
ഇതിന്റെ ഭാഗമായി എല്ലാവിഭാഗം ഡ്രോണുകള്‍, പൈലറ്റ്, ഉടമസ്ഥന് എന്നിവ ഡിജിറ്റല്‍ സ്കൈ എന്ന സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന്റെ ഡിജിറ്റല്‍ പ്ലാറ്റ്ഫോമില്‍ ഒറ്റതവണ രജിസ്റ്റർ ചെയ്യണം. ഇത്തരത്തില്‍ രജിസ്റ്റര്‍ ചെയ്യുന്ന നാനോ വിഭാഗത്തിലുള്‍പ്പെടെയുള്ള ഡ്രോണുകള്‍ക്കു യൂണിക് ഐഡന്റിഫിക്കേഷന്‍ നമ്പര്‍ ലഭ്യമാക്കും. അതിനു ശേഷമുള്ള ഓരോ പറക്കലിനും മൊബൈല്‍ ആപ് വഴി അധികൃതരുടെ അനുമതി വാങ്ങിയിരിക്കണം. അനുമതി ലഭിക്കാത്ത പക്ഷം ഡ്രോണിന് ടേക്ക്ഓഫ് ചെയ്യാന്‍ സാധിക്കില്ല. വിവാഹം ഉൾപ്പെടെയുള്ള ആഘോഷങ്ങളുടെ ഫോട്ടോയെടുക്കുന്നതിന് ഇപ്പോൾ വ്യാപകമായി ഡ്രോൺ ഉപയോഗിക്കുന്നുണ്ട്.
എന്നാല്‍, അനുമതി ലഭ്യമായാലും പോളിസിയില്‍ പറയുന്ന മാനദണ്ഡങ്ങള്‍ പ്രകാരം മാത്രമായിരിക്കും ഡ്രോണുകളുടെ പ്രവര്‍ത്തനം. ഇതുപ്രകാരം ഡ്രോണ്‍ കാണാവുന്ന ദൂരത്തിലും പകല്‍ സമയങ്ങളില്‍ 400 അടി ഉയരത്തിലും മാത്രമേ പറപ്പിക്കാവൂ. കൂടാതെ ഡ്രോണ്‍ ഉപയോഗിക്കാവുന്ന ഇടങ്ങളെ ചുവപ്പ്, മഞ്ഞ, പച്ച എന്നിങ്ങനെ മേഖലകളായും തിരിച്ചിട്ടുണ്ട്. ഇതില്‍ രാജ്യത്തെ തന്ത്ര പ്രധാന മേഖലയായ റെഡ് സോണില്‍ ഡ്രോണുകള്‍ക്ക് പറക്കാന്‍ അനുമതി ലഭിക്കില്ല. വിമാനത്താവള പരിസരം, രാജ്യാതിര്‍ത്തി, സംസ്ഥാന ഭരണസിരാകേന്ദ്രങ്ങള്‍, തന്ത്രപ്രധാന മേഖലകള്‍, മിലിട്ടറി മേഖല എന്നിവയാണ് ചുവപ്പ് സോണില്‍പെടുന്ന സ്ഥലങ്ങള്‍. ഭാരത്തിന്റെ അടിസ്ഥാനത്തിൽ അഞ്ചായി തിരിച്ചുകൊണ്ടാണ് പോളിസി നടപ്പിലാക്കുന്നത്. 250 ഗ്രാം മുതൽ 150 കിലോഗ്രാം വരെ വേര്‍തിരിച്ചുകൊണ്ടാണ് പോളിസി തയ്യാറാക്കിയിരിക്കുന്നത്.
നാനോ ഡ്രോണുകൾ അല്ലാത്ത എല്ലാ ഡ്രോണുകൾക്കും അനുമതിലഭിക്കുവാൻ നിർബന്ധമായും ഉണ്ടായിരിക്കേണ്ടവ :-
=GNSS (GPS ) - ഗ്ലോബൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം
=Return-To-Home (RTH) - റിട്ടേൺ ഹോം ഫീച്ചർ
=Anti-collision light - ഡ്രോണിന്റെ താഴെയുള്ളലൈറ്റ്
= ID-Plate - ഡ്രോണിൽ മോഡൽ, സീരിയൽ നമ്പർ എന്നീ വിവരങ്ങൾ എഴുതിയിരിക്കണം
= Flight controller with flight data logging capability - ഡ്രോണിന്റെ വിവരങ്ങൾ സംഭരിക്കാൻ ശേഷിയുള്ള റിമോട്ട് കൺട്രോൾ
=Radio Frequency ID and SIM/ No-Permission No Take off (NPNT) - ഡ്രോണിന്റെ റേഡിയോ ഫ്രീക്വൻസി വിവരങ്ങൾ/ സിം
മഞ്ഞ സോണായ നിയന്ത്രിത മേഖലയിൽ ഡ്രോൺ പറപ്പിക്കുന്നതിനു മുൻപായി അനുമതി ആവശ്യമാണ്. നിയന്ത്രണങ്ങളില്ലാത്ത പച്ച സോണിൽ ഡ്രോണിന് ഓട്ടോമാറ്റിക് അനുമതി ലഭിക്കും.
ഡ്രോണ്‍ ഫോട്ടോഗ്രഫിക്കു കര്‍ശന നിയന്ത്രണം
12:58 AM Sep 25, 2018 | Deepika.com