കൊച്ചി: കോണ്ഗ്രിഗേഷൻ ഓഫ് മിഷനറീസ് ഓഫ് ജീസസ് സന്യാസിനീ സമൂഹത്തിന്റെ ഒരു ഭവനം പാലാ രൂപതയ്ക്കുള്ളിലാണെങ്കിലും അതു പാലാ രൂപതാധ്യക്ഷന്റെയോ സീറോ മലബാർ മേജർ ആർച്ച്ബിഷപ്പിന്റെയോ കീഴിൽ വരുന്ന സ്ഥാപനമല്ലന്നു സീറോ മലബാർ സഭാ ഒൗദ്യോഗിക വക്താവ് ഫാ. മാത്യു ചന്ദ്രൻകുന്നേൽ അറിയിച്ചു.
മിഷനറീസ് ഓഫ് ജീസസ് ജലന്ധർ ലത്തീൻ രൂപതയുടെ സന്യാസിനീ സമൂഹമാണ്. അവരുടെ ഒരു ഭവനം 2004 ൽ പാലാ രൂപതയിലെ കുറവിലങ്ങാട് ഇടവകയിൽ സ്ഥാപിതമായി. സന്യാസസഭാധികാരി ഒരു ഭവനം ആരംഭിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചാൽ സാധാരണ നിലയിൽ രൂപതാധ്യക്ഷൻ അതിനുള്ള അവസരം നിഷേധിക്കാറില്ല. സന്യാസിനീ സമൂഹങ്ങളുടെ ഭരണ നിർവഹണം അവർ തന്നെയാണ് നടത്തുന്നത്.
രൂപതാധ്യക്ഷനോ സീറോ മലബാർസഭയുടെ മേജർ ആർച്ച്ബിഷപ്പോ ഒരുകാര്യത്തിലും ഇടപെടാറില്ല. മിഷനറീസ് ഓഫ് ജീസസ് പാലാ രൂപതയുടെ ഭാഗമാണെന്നുള്ള പ്രചാരണം തെറ്റിദ്ധാരണാജനകമാണെന്നും ഫാ. മാത്യു ചന്ദ്രൻകുന്നേൽ വ്യക്തമാക്കി.
മിഷനറീസ് ഓഫ് ജീസസ് സീറോ മലബാർ സഭയുടെ പരിധിയിൽ വരുന്നതല്ല
12:38 AM Sep 24, 2018 | Deepika.com