തിരുവനന്തപുരം : സംസ്ഥാനത്തെ എംബിബിഎസ്/ബിഡിഎസ് ഒഴികെയുള്ള മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കുള്ള മൂന്നാംഘട്ട കേന്ദ്രീകൃത അലോട്ട്മെന്റ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. ഈ ഘട്ടത്തിൽ മറ്റ് മെഡിക്കൽ കോഴ്സുകളായ ആയൂർവേദ (ബിഎഎംഎസ്), ഹോമിയോപ്പതി (ബിഎച്ച്എംഎസ്) എന്നിവയിലും അനുബന്ധ കോഴ്സുകളായ അഗ്രികൾച്ചർ, ഫോറസ്ട്രി, വെറ്ററിനറി, ഫിഷറീസ് എന്നീ കോഴ്സുകളിലും നലിവിൽ ഒഴിവുള്ള സീറ്റുകളിലേക്കും ആയുർവേദ ആൻഡ് ഹോമിയോപ്പതി വിഭാഗങ്ങളിൽ പുതുതായി ഉൾപ്പെടുത്തിയിട്ടുള്ള ഏതാനും കോളജുകളിലേക്ക് അലോട്ട്മെന്റ് നടത്തിയിട്ടുണ്ട്.
ഹോം പേജിൽ നിന്ന് വിദ്യാർഥികൾക്ക് അലോട്ട്മെന്റ് മെമ്മോയുടെ പ്രിന്റൗട്ട് ലഭ്യമാകും. അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികൾ അലോട്ട്മെന്റ് മെമ്മോയുടെ പ്രിന്റൗട്ട് നിർബന്ധമായും എടുക്കണം. വിദ്യാർഥിയുടെ പേര്, റോൾ നമ്പർ, അലോട്ട്മെന്റ് ലഭിച്ച കോഴ്സ്, കോളജ്, അലോട്ട്മെന്റ് ലഭിച്ച കാറ്റഗറി, ഫീസ് സംബന്ധമായ വിവരങ്ങൾ എന്നിവ വിദ്യാർഥിയുടെ അലോട്ട്മെന്റ് മെമ്മോയിൽ രേഖപ്പെടുത്തിയിരിക്കും. ഈ ഘട്ടത്തിൽ പുതുതായോ മുൻ ഘട്ടത്തിൽ ലഭിച്ച അലോട്ട്മെന്റിൽ നിന്നും വ്യത്യസ്തമായോ പ്രവേശന പരീക്ഷാ കമ്മീഷണർക്ക് അടയ്ക്കേണ്ടതുമായ ഫീസ്/ബാക്കി തുക 24 മുതൽ 26 വരെ കേരളത്തിലെ ഏതെങ്കിലും ഹെഡ് പോസ്റ്റോഫീസ് മുഖാന്തിരമോ ഓണ്‍ലൈൻ പേയ്മെന്റ് മുഖേനയോ ഒടുക്കിയ ശേഷം 26നു വൈകുന്നേരം അഞ്ചിനു മുന്‍പ് അതത് കോളജുകളിൽ പ്രവേശനം നേടണം.
ഹൈക്കോടതിയുടെ ഉത്തരവു പ്രകാരം നേമം ശ്രീ വിദ്യാധിരാജ ഹോമിയോപ്പതി മെഡിക്കൽ കോളജിൽ അലോട്ട്മെന്റ് ലഭിക്കുന്ന വിദ്യാർഥികൾ 25നു വൈകുന്നേരം അഞ്ചിനു മുന്‍പ് ഫീസ് ഒടുക്കി പ്രവേശനം നേടണം.
കോഴിക്കോട് കെഎംസിടി ആയുർവേദ മെഡിക്കൽ കോളജിലെ 60 ബിഎഎംഎസ് സീറ്റുകൾക്കാണ് ബന്ധപ്പെട്ട യൂണിവേഴ്സിറ്റിയുടെ അഫിലിയേഷൻ ലഭിച്ചിട്ടുള്ളതെങ്കിലും കേരള ഹൈക്കോടതിയുടെ ഉത്തരവുകൾ പ്രകാരം ആകെ സീറ്റ് 100 ആയി കണക്കാക്കിയാണ് അലോട്ട്മെന്റ് നടത്തിയിട്ടുള്ളത്.
പ്രത്യേക ശ്രദ്ധയ്ക്ക്
ഇപ്പോൾ എംബിബിഎസ്/ബിഡിഎസ് കോഴ്സുകളിൽ പ്രവേശനം നേടിയിരിക്കുന്ന വിദ്യാർഥികൾക്ക് മറ്റ് മെഡിക്കൽ / അനുബന്ധ കോഴ്സുകളിലേക്ക് അലോട്ട്മെന്റ് ലഭിക്കുന്ന പക്ഷം എംബിബിഎസ് കോഴ്സിൽ നിന്നും വിടുതൽ നേടുന്നതിന് 10 ലക്ഷം രൂപയും ബിഡിഎസ് കോഴ്സിൽ നിന്നും വിടുതൽ നേടുന്നതിനു അഞ്ചു ലക്ഷം രൂപയും ലിക്വിഡേറ്റഡ് ഡാമേജസായി ഒടുക്കിയതിനു ശേഷമേ പുതിയ അലോട്ട്മെന്റ് സ്വീകരിക്കാൻ കഴിയൂ. ഇവരെ രണ്ടു വർഷത്തിലധികമല്ലാത്ത കാലയളവിലേക്ക് പ്രവേശന പരീക്ഷാ കമ്മീഷണർ നടത്തുന്ന പ്രവേശന പരീക്ഷയിൽ നിന്നും / അലോട്ട്മെന്റുകളിൽ നിന്നും വിലക്കും.
ടോക്കണ്‍ ഡെപ്പോസിറ്റ്
പുതുതായി അലോട്ട്മെന്റ് ലഭിക്കുന്ന എസ്സി/എസ്ടി/ഒഇസി/രജിസ്റ്റേർഡ് മത്സ്യത്തൊഴിലാളികളുടെ മക്കൾ എന്നീ വിഭാഗങ്ങളിലെ വിദ്യാർഥികളും സർക്കാർ ഉത്തരവുകൾ അനുസരിച്ച് ഫീസ് ആനുകൂല്യത്തിനു അർഹരായ വിദ്യാർഥികളും ടോക്കണ്‍ ഡെപ്പോസിറ്റായി ആയിരം രൂപ അടച്ച ശേഷം നിശ്ചിത സമയത്തിനകം അലോട്ട്മെന്റ് ലഭിച്ച കോഴ്സിൽ / കോളജിൽ പ്രവേശനം നേടണം. ഫോണ്‍ : 0471-2332123, 2339101, 102, 103, 104.
മെഡിക്കൽ അനുബന്ധ കോഴ്സ്: മൂന്നാംഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
12:38 AM Sep 24, 2018 | Deepika.com