കൊടകര: മാള റോഡിലെ ആളൂർ മേൽപ്പാലത്തിനു സമീപം റെയിൽവേ ട്രാക്കിനോടു ചേർന്നുള്ള പൊന്തക്കാട്ടിൽ പിഞ്ചുകുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി.
ഒന്നരവയസു തോന്നുന്ന പെണ്‍കുഞ്ഞിന്റെ മൃതദേഹമാണ് ഇന്നലെ രാവിലെ കണ്ടെത്തിയത്.
കുട്ടിയെ തിരിച്ചറിഞ്ഞിട്ടില്ല. കാൽ ഒടിഞ്ഞ നിലയിലും മുഖത്ത് പരിക്കുള്ള നിലയിലുമാണു മൃതദേഹം. ട്രെയിനിൽനിന്ന് വീണതാണോ മൃതദേഹം ഇവിടെ കൊണ്ടിട്ടതാണോ എന്ന് വ്യക്തമല്ല. രണ്ടുദിവസത്തെ പഴക്കമുള്ളതായി കണക്കാക്കുന്നു. സമീപത്തെ പറമ്പിലെത്തിയയാൾ ദുർഗന്ധം അനുഭവപ്പെട്ട് തെരച്ചിൽ നടത്തിയപ്പോഴാണ് കുറ്റിക്കാടിനുള്ളിൽ മൃതദേഹം കണ്ടത്.
കൊടകര സിഐ കെ. സുമേഷ്, ആളൂർ എസ്ഐ വി.വി. വിമൽ എന്നിവരുടെ നേതൃത്വത്തിൽ പോലീസെത്തി അന്വേഷണം തുടങ്ങി. ഫോറൻസിക് വിദഗ്ധരും പരിശോധന നടത്തി. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി തൃശൂർ മെഡിക്കൽ കോളജ് മോർച്ചറിയിലേക്കു മാറ്റി.
റെയിൽവേ ട്രാക്കിനു സമീപം പിഞ്ചുകുഞ്ഞിന്റെ മൃതദേഹം
12:30 AM Sep 24, 2018 | Deepika.com