കണ്ണൂർ: ക്രൈസ്തവ സഭയെ അപകീർത്തിപ്പെടുത്താൻ ചില കേന്ദ്രങ്ങൾ ശ്രമിക്കുന്നു എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞത് വസ്തുതയെന്ന് മന്ത്രി ഇ.പി. ജയരാജൻ. ഏതു സാഹചര്യത്തെയും ദുരുപയോഗപ്പെടുത്താനുള്ള നീക്കം കണക്കിലെടുക്കണമെന്നാണ് കോടിയേരി സൂചിപ്പിച്ചത്.
അദ്ദേഹം പറഞ്ഞതിൽ അവ്യക്തതയില്ല. വസ്തുതയില്ലാതെ പറയുന്ന ആളല്ല അദ്ദേഹം. കോടിയേരിയുടെ അഭിപ്രായം അടർത്തിയെടുത്തു വായിക്കുന്നതാണ് പ്രശ്നം.പൂർണമായി വായിക്കുമ്പോൾ വസ്തുത മനസിലാകും. എല്ലാ വസ്തുതകളും പരിശോധിച്ചതിനുശേഷമേ സർക്കാരിന് അഭിപ്രായം പറയാനാകൂ. രാഷ്ട്രീയപാർട്ടികൾ അവരുടെ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിൽ അഭിപ്രായം പറയും. ഒരു ബിഷപ്പുമായും കൂടിയാലോചനയ്ക്ക് സമയം നിശ്ചയിച്ചിരുന്നില്ല- കണ്ണൂരിൽ മാധ്യമപ്രവർത്തകരോട് മന്ത്രി പറഞ്ഞു.
ബിഷപ്പിന്റെ അറസ്റ്റിൽ സർക്കാരിന്റേത് ശരിയായ നിലപാടാണെന്നും ഒരു കുറ്റവാളിയും രക്ഷപ്പെടാനുള്ള സാഹചര്യം സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തെളിവുകൾ ഉറപ്പുവരുത്തിയാണ് അറസ്റ്റ് ചെയ്തതെന്നും ഇരയോടൊപ്പമാണ് സർക്കാരെന്ന് നേരത്തെതന്നെ വ്യക്തമാക്കിയതാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
കോടിയേരി പറഞ്ഞത് വസ്തുത: മന്ത്രി
12:35 AM Sep 23, 2018 | Deepika.com