കൊച്ചി: മരിയ ഫിലിപ് സ്മാരക അഖില കേരള ഡിബേറ്റ് മത്സരം 27ന് കളമശേരി കിൻഫ്ര പാർക്കിലെ സേവ്യർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസി(സൈം)ൽ നടക്കും. വനിതകളുടെ അവകാശ സംരക്ഷണത്തിൽ ഇന്ത്യ ഏറെ പുരോഗതി കൈവരിച്ചില്ല എന്നതാണ് വിഷയം. മൂന്നു മേഖലാ മത്സരങ്ങളും ഫൈനൽ മത്സരങ്ങളുമാണു നടക്കുക.
ഉത്തരമേഖലാ മത്സരം 25ന് കോഴിക്കോട് ഫാറൂഖ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ ഉച്ചയ്ക്ക് 1.30നും ദക്ഷിണ മേഖലാ മത്സരം ചങ്ങനാശേരി അസംപ്ഷൻ കോളജിൽ 24ന് രാവിലെ 10.30നും മധ്യമേഖലാ മത്സരങ്ങൾ 26ന് രാവിലെ 10.30ന് തൃക്കാക്കര ഭാരത് മാതാ കോളജിലും നടക്കും. ടീമിൽ രണ്ടംഗങ്ങൾ ഉണ്ടായിരിക്കണം. ഒരാൾ പെണ്‍കുട്ടിയായിരിക്കണം. വിജയികൾക്ക് 25,000 രൂപയും ട്രോഫിയും രണ്ടാം സ്ഥാനക്കാർക്ക് 20,000 രൂപയും സമ്മാനമായി ലഭിക്കും. ബെസ്റ്റ് സ്പീക്കറായി തെരഞ്ഞെടുക്കപ്പെടുന്നയാളിന് 15,000 രൂപയാണ് സമ്മാനം.
27ന് ഉച്ചയ്ക്ക് 12ന് സൈമിൽ നടക്കുന്ന സമ്മാനദാന ചടങ്ങിൽ ഫെഡറൽ ബാങ്ക് ലിമിറ്റഡ് എംഡിയും സിഇഒയുമായ ശ്യാം ശ്രീനിവാസൻ മുഖ്യാതിഥിയാകും. സൈം സൊസൈറ്റി പ്രസിഡന്റ് പി.സി. സിറിയക് അധ്യക്ഷത വഹിക്കും. സൈം സ്ഥാപകനും സൈം ബംഗളൂരു ചെയർമാനുമായ പ്രഫ. ജെ. ഫിലിപ് മുഖ്യപ്രഭാഷണം നടത്തും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9514472247.
മരിയ ഫിലിപ് സ്മാരക അഖില കേരള ഡിബേറ്റ് മത്സരം 27ന്
11:01 PM Sep 22, 2018 | Deepika.com