തിരുവനന്തപുരം: ആംഗ്യഭാഷയ്ക്ക് പ്രോത്സാഹനം നൽകുക എന്ന ലക്ഷ്യത്തോടെ ഇതാദ്യമായി ഐക്യരാഷ്ട്രസഭ ആഹ്വാനം ചെയ്ത അന്താരാഷ്ട്ര ആംഗ്യഭാഷാ ദിനാചരണം നിഷിൽ നാളെ നടക്കും. ഇതിന്റെ തുടർച്ചയായി ഈ മാസം 24 മുതൽ അന്താരാഷ്ട്ര ബധിരവാരാചരണവും നിഷിൽ നടക്കും.
ഇതോടനുബന്ധിച്ച് 24 മുതൽ 26 വരെ ആക്കുളം നിഷ് കാന്പസിൽ ആംഗ്യഭാഷാ സംബന്ധിയായ മത്സരങ്ങൾ, സംസാര ഭാഷയെ ആംഗ്യഭാഷയിലേക്കു പരിവർത്തനം ചെയ്യുന്നതിനുള്ള ക്ലാസുകൾ, പ്രമുഖ ബധിര വിദ്യാലയങ്ങളിൽ നിന്നുമുള്ള വിദ്യാർഥികൾ അവതരിപ്പിക്കുന്ന കലാപരിപാടികൾ എന്നിവ നടത്തുമെന്ന് നിഷ് എക്സിക്യൂട്ടിവ് ഡയറക്ടർ ഡോ. കെ.ജി സതീഷ് കുമാർ പറഞ്ഞു.
പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം തിങ്കളാഴ്ച രാവിലെ 9.30 ന് നിഷ് ഓഡിറ്റോറിയത്തിൽ ഗവർണർ ജസ്റ്റീസ് പി. സദാശിവം നിർവഹിക്കും. തുടർന്ന് ആംഗ്യഭാഷ ഉപയോഗിച്ച് നിഷിലെ വിദ്യാർഥികൾ തയാറാക്കിയ ദേശീയഗാനത്തിൻറെ വീഡിയോ സിഡി അദ്ദേഹം പുറത്തിറക്കും. ദേശീയഗാനാലാപനമടക്കമുള്ള ചടങ്ങുകൾ ആംഗ്യഭാഷയിലും അവതരിപ്പിക്കും.
വാരാചരണത്തിന്റെ സമാപനത്തോടനുബന്ധിച്ചുള്ള സമ്മേളനം 26ന് കേരള ടൂറിസം സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. അന്നു തന്നെ തിരുവനന്തപുരം നഗരസഭാ ഉദ്യോഗസ്ഥർ, ദന്ത ഡോക്ടർമാർ, തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ തുടങ്ങിയവർക്ക് ഇന്ത്യൻ ആംഗ്യഭാഷാ സാക്ഷരതാ പ്രോഗ്രാമും സംഘടിപ്പിക്കും.
ആദ്യ അന്താരാഷ്ട്ര ആംഗ്യഭാഷാ ദിനാചരണം നിഷിൽ
12:36 AM Sep 22, 2018 | Deepika.com