ചെങ്ങന്നൂർ: ബൈക്ക് കാറിൽ തട്ടിയെന്നാരോപിച്ചു കാർ ഡ്രൈവർ ബൈക്കിന്റെ താക്കോൽ ഉൗരിയെടുത്തതിനെ ത്തുടർന്നു നിയന്ത്രണം വിട്ട ബൈക്കിൽനിന്നും വീണു വീട്ടമ്മ മരിച്ച സംഭവത്തിൽ കാർ ഡ്രൈവറെ ചെങ്ങന്നൂർ ജുഡീഷൽ മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു.
പന്തളം തോന്നലൂർ സജാദ് മൻസിലിൽ മുഹമ്മദ് സാദിഖി(50)നെയാണ് റിമാൻഡ് ചെയ്തത്. കഴിഞ്ഞദിവസം വൈകുന്നേരം എംസി റോഡിൽ പ്രാവിൻകൂട് ജംഗ്ഷന് സമീപമായിരുന്നു അപകടം. മകൻ പ്രദീപ് ആർ. നായർ ഓടിച്ച ബൈക്കിനു പിന്നിലിരുന്ന ഇരവിപേരൂർ നന്നൂർ വാഴക്കലാമലയിൽ റേഷൻ വ്യാപാരി രവീന്ദ്രൻനായരുടെ ഭാര്യ കാഞ്ജനവല്ലി(56)യാണ് മരിച്ചത്.
ഡ്രൈവർ സാദിഖ്, കാറിലിരുന്നുതന്നെ ബൈക്കിന്റെ താക്കോൽ ഉൗരിയെടുക്കുകയായിരുന്നു. ഹാൻഡിൽ ലോക്കായതോടെ ഇരുവരും റോഡിലേക്കു വീണു. ഈ സമയം അതുവഴി വന്ന കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചറിന് അടിയിലേക്കു വീണ് കാഞ്ചനവല്ലി തത്ക്ഷണം മരിച്ചു. സംസ്കാരം നടത്തി. മനഃപൂർവമല്ലാത്ത നരഹത്യയ്ക്കാണു സാദിഖിനെതിരേ പോലീസ് കേസെടുത്തത്.
ബൈക്കിൽനിന്നു വീണ് വീട്ടമ്മ മരിച്ച സംഭവം: കാർ ഡ്രൈവർ റിമാൻഡിൽ
01:13 AM Sep 20, 2018 | Deepika.com