തൃശൂർ: സംസ്ഥാന സർക്കാരിന്റെ ഓണം ബന്പർ ഒന്നാം സമ്മാനമായ പത്തുകോടി രൂപ തൃശൂരിൽ വിറ്റ ടിക്കറ്റിന്. പടിഞ്ഞാറേക്കോട്ടയിലെ എസ്.എസ്. മണിയൻ ഏജൻസിയിൽനിന്നു വിറ്റ ടിബി 128092 എന്ന ടിക്കറ്റിനാണ് ഒന്നാംസമ്മാനം. സമ്മാനാർഹനെ കണ്ടെത്താനായിട്ടില്ല.
ജൂലൈ 26നു രവി എന്ന ഏജന്റാണ് ഇവിടെനിന്ന് 10 ടിക്കറ്റുകൾ വാങ്ങിയത്. പേരാമംഗലം ഭാഗത്തു ടിക്കറ്റുകൾ വിൽക്കുന്ന രവി ഇതുവരെ ഏജൻസിയുമായി ബന്ധപ്പെട്ടിട്ടില്ല.
10 സീരീസുകളിലായി ആകെ 90 ലക്ഷം ഓണം ബന്പർ ടിക്കറ്റുകളാണ് ഇത്തവണ അച്ചടിച്ചത്. 250 രൂപയായിരുന്നു ടിക്കറ്റ് വില. ഒന്നാം സമ്മാനമായ 10 കോടി രൂപ ഒരാൾക്കും രണ്ടാം സമ്മാനമായ അരക്കോടി രൂപ 10 പേർക്കും മൂന്നാം സമ്മാനമായ 10 ലക്ഷം രൂപ 20 പേർക്കും ലഭിക്കും. സമാശ്വാസ സമ്മാനമായ അഞ്ചുലക്ഷം രൂപ ഒൻപതു പേർക്കു നൽകും.
കഴിഞ്ഞവർഷത്തെ ഓണം ബന്പർ ഒന്നാംസ്ഥാനവും തൃശൂരിൽ വിറ്റ ടിക്കറ്റിനായിരുന്നു. ഏറെനാൾ കഴിഞ്ഞാണ് അന്നു ഭാഗ്യവാനെ കണ്ടെത്തിയത്.
ഓണം ബന്പർ ഒന്നാം സമ്മാനം തൃശൂരിൽ: ഭാഗ്യവാനെ കണ്ടെത്താനായില്ല
12:44 AM Sep 20, 2018 | Deepika.com