ആളൂർ: ഏഴുപേരെ പ്രകൃതിവിരുദ്ധ പീഡനങ്ങൾക്കിരയാക്കിയ സ്വാമി അറസ്റ്റിൽ. ഇടുക്കി പെരുവന്താനം വേണാട്ട് വീട്ടിൽ താമരാക്ഷൻ എന്ന സ്വാമി നാരായണ ധർമവ്രതനെ (52)യാണ് പോലീസ് അറസ്റ്റ് ചെയ്തത്. കൊറ്റനെല്ലൂർ ശിവഗിരി ബ്രഹ്മാനന്ദാലയം ആശ്രമത്തിലെ അന്തേവാസികളായ ഏഴ് ആണ്‍കുട്ടികളെയാണ് പീഡിപ്പിച്ചത്. പ്രായപൂർത്തിയാകാത്ത കുട്ടികളെ പീഡിപ്പിച്ചതിനു പോക്സോ നിയമ പ്രകാരവും പ്രകൃതിവിരുദ്ധ കേസ്.
പരാതിയെത്തുടർന്ന് ഒളിവിലായിരുന്ന സ്വാമിയെ ചെന്നൈ തിരുത്താണിയിലെ അമ്പല പരിസരത്തുനിന്നാണ് ആളൂർ എസ്ഐ വി.വി. വിമലും സംഘവും ചേർന്ന് അറസ്റ്റു ചെയ്തത്. പൂജയും മറ്റ് ആത്മീയ കാര്യങ്ങളും പഠിക്കുന്നതിനായി ആശ്രമത്തിൽ താമസിച്ചുവരികയായിരുന്ന ആണ്‍കുട്ടികളെയാണ് ഇയാൾ 2017- 18 കാലയളവിൽ നിരന്തരമായി പീഡനങ്ങൾക്കിരയാക്കിയത്.
വർക്കല ശിവഗിരി ആശ്രമത്തിന്റെ കീഴിലുള്ള ആശ്രമമാണ് കൊറ്റനെല്ലൂരിലുള്ളത്. അഞ്ചുവർഷമായി സ്വാമി നാരായണ ധർമവ്രതനാണ് ആശ്രമ സെക്രട്ടറിയായി പ്രവർത്തിച്ചിരുന്നത്. കുട്ടികൾക്കു സ്വന്തം വീട്ടിലേക്കു ഫോൺചെയ്ത് വിഷമങ്ങൾ പറയാനുള്ള സാഹചര്യം സ്വാമി കൊടുത്തിരുന്നില്ല. രാത്രിയിലും സ്കൂൾ അവധി ദിനങ്ങളിൽ പകൽസമയത്തും ആണ്‍കുട്ടികളെ മുറിയിലേക്കു വിളിച്ചുവരുത്തിയാണ് സ്വാമി പീഡിപ്പിച്ചിരുന്നത്. സ്വാമിക്കെതിരേ പരാതി നൽകിയ ഏഴു കുട്ടികളും വ്യത്യസ്തമായ അനുഭവങ്ങളാണു പോലീസിനോട് വിവരിച്ചത്.
സ്വാമിക്കെതിരേ പരാതി പറയുന്ന കുട്ടികളെ ദേഹോപദ്രവമേല്പിക്കുകയും ആശ്രമത്തിലെ ജോലികൾ ചെയ്യിപ്പിച്ചു പീഡിപ്പിക്കുകയും പതിവായിരുന്നു. സഹികെട്ട കുട്ടികൾ ആശ്രമത്തിലെ അടുക്കളജോലിക്കാരിയുടെ മൊബൈൽ ഫോണിൽനിന്നു ചൈൽഡ് ലൈനിന്റെ നമ്പറിൽ രഹസ്യമായി വിളിക്കുകയായിരുന്നു. വിവരമറിഞ്ഞ ചൈൽഡ് ലൈൻ പ്രവർത്തകർ കുട്ടികൾ പഠിക്കുന്ന തുമ്പൂർ ആർഎച്ച്എസ് സ്കൂളിൽ വന്നു കുട്ടികളെ കണ്ട് കാര്യങ്ങൾ ചോദിച്ചറിഞ്ഞ് വിവരം ആളൂർ എസ്ഐ വിമലിനെ അറിയിച്ചു. എസ്ഐയുടെ നേതൃത്വത്തിൽ 2018 ജൂൺ 19 ന് സ്കൂളിൽ വന്നു കുട്ടികളുടെ മൊഴിയെടുത്തു കേസുകൾ രജിസ്റ്റർ ചെയ്യുകയുമായിരുന്നു.
പോലീസിന്റെ നീക്കം അറിഞ്ഞ സ്വാമി ധർമവ്രതൻ ആശ്രമത്തിൽനിന്നു രക്ഷപ്പെട്ടു. ചെന്നൈയിലെത്തി വിവിധ ക്ഷേത്രങ്ങളിലും മറ്റും ഒളിവിൽ കഴിഞ്ഞുവരികയായിരുന്നു. മൊബൈൽ കോൾ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണു പ്രതി പിടിയിലായത്.
ട്രെയിൻമാർഗം ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനിൽ ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടോടെ ആളൂർ സ്റ്റേഷനിലെത്തിച്ചശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
പ്രതിയെ പിടികൂടാൻ തൃശൂർ റൂറൽ പോലീസ് മേധാവി എം.കെ. പുഷ്കരന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘത്തെ നിയമിച്ചിരുന്നു.
ആശ്രമത്തിലെ ഏഴു കുട്ടികളെ പീഡിപ്പിച്ച സ്വാമി അറസ്റ്റിൽ
12:44 AM Sep 20, 2018 | Deepika.com