തലശേരി: ട്യൂഷനെത്തിയ ഏഴാംക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമം. ട്യൂഷൻ ടീച്ചറുടെ ഭർത്താവിനെ നാട്ടുകാരും പോലീസും ചേർന്നു വീടിന്റെ വാതിൽ തകർത്തു പിടികൂടി.
തിങ്കളാഴ്ച രാത്രി ഏഴോടെയാണു സംഭവം. ട്യൂഷൻ ടീച്ചർ സ്ഥലത്തില്ലാത്ത വിവരമറിയാതെ ട്യൂഷനു വേണ്ടി വീട്ടിലെത്തിയ പന്ത്രണ്ടുകാരിയെ അമ്പത്തെട്ടുകാരനായ പ്രതി തന്ത്രപൂർവം വീടിനുള്ളിലാക്കി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. ഇയാളുടെ പെരുമാറ്റം അതിരുകടന്നതോടെ പെൺകുട്ടി പൊട്ടിക്കരഞ്ഞുകൊണ്ട് വാതിൽ തുറന്ന് പുറത്തേക്കോടി.
വിവരമറിഞ്ഞ് നാട്ടുകാരും വീട്ടുകാരും എത്തിയപ്പോഴേക്കും പ്രതി വീടിനുള്ളിൽ കയറി വാതിലടച്ചു. തുടർന്ന് പോലീസ് സ്ഥലത്തെത്തിയിട്ടും പ്രതി വാതിൽ തുറന്നില്ല. പോലീസും നാട്ടുകാരും ചേർന്ന് വാതിൽ ചവിട്ടിത്തുറന്നാണ് പ്രതിയെ പിടികൂടിയത്. എസ്ഐ എ.അഷ്റഫിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതിയെ സ്റ്റേഷനിലെത്തിച്ചു.
മൂന്നു മക്കളുടെ അച്ഛനാണ് പ്രതി. ഭാര്യ പത്തനംതിട്ട ജില്ലയിലുള്ള കുടുംബവീട്ടിൽ വിവാഹത്തിൽ പങ്കെടുക്കാൻ പോയതായിരുന്നു. വനിതാപോലീസ് പെൺകുട്ടിയിൽനിന്ന് വിശദമായ മൊഴി രേഖപ്പെടുത്തി.
പീഡിപ്പിക്കാൻ ശ്രമം: ട്യൂഷൻ ടീച്ചറുടെ ഭർത്താവ് പിടിയിൽ
10:49 PM Sep 18, 2018 | Deepika.com