കോട്ടയം: മാധ്യമപ്രവർത്തകരുടെ സേവന വേതന പരിഷ്കരണത്തിനുള്ള വേജ്ബോർഡ് അടിയന്തരമായി രൂപീകരിക്കണമെന്ന് ഓൾ ഇന്ത്യ ന്യൂസ് പേപ്പർ എംപ്ലോയീസ് ഫെഡറേഷൻ അഖിലേന്ത്യ സമ്മേളനം കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു.
മാധ്യമ പ്രവർത്തകർക്ക് പെൻഷൻ അനുവദിക്കുക, പിഎഫ് പെൻഷനിലെ അപാകതകൾ പരിഹരിക്കുക, തൊഴിൽനിയമം പരിഷ്കാരങ്ങളിലെ തൊഴിലാളിവിരുദ്ധ സമീപനങ്ങൾ ഒഴിവാക്കുക, ദൃശ്യമാധ്യമപ്രവർത്തകരെ വേജ്ബോർഡിന്റെ പരിധിയിൽ ഉൾപ്പെടുത്തുക തുടങ്ങിയ പ്രമേയങ്ങൾ സമ്മേളനം അംഗീകരിച്ചു.
യോഗത്തിൽ ദേശീയപ്രസിഡന്റ് എസ്. ഡി. ഥാക്കൂർ അധ്യക്ഷനായി. ജനറൽ സെക്രട്ടറി വി. ബാലഗോപാൽ, ഓർഗനൈസിംഗ് സെക്രട്ടറി ഗോപൻ നന്പാട്ട്, ജെയിംസ്കുട്ടി ജേക്കബ്, ജയ്സണ്‍ മാത്യു എന്നിവർ പ്രസംഗിച്ചു. സമ്മേളനത്തോടനുബന്ധിച്ച് കഴിഞ്ഞ ദിവസം മാന്നാനം കെ ഇ സ്കൂളിൽ നടന്ന സാംസ്കാരിക ഉത്സവം ഫാ. ജയിംസ് മുല്ലശേരി സിഎംഐ ഉദ്ഘാടനം ചെയ്തു.
ഫെഡറേഷൻ ഓർഗനൈസിംഗ് സെക്രട്ടറി ഗോപൻനന്പാട്ട് അധ്യക്ഷനായി. ദേശീയ പ്രസിഡന്റ് എസ്.ഡി. ഥാക്കൂർ, ജനറൽ സെക്രട്ടറി വി. ബാലഗോപാൽ, സ്വാഗതസംഘം ജനറൽ കണ്‍വീനർ ജയിംസ്കുട്ടി ജേക്കബ്, പ്രോഗ്രാം കമ്മിറ്റി കണ്‍വീനർ ജയ്സണ്‍ മാത്യു കണ്‍വീനർ, കോര സി. കുന്നുംപുറം എന്നിവർ പ്രസംഗിച്ചു.
സമാപനസമ്മേളനത്തിൽ വിശിഷ്ടവ്യക്തികളെ സ്വാഗതസംഘം ഭാരവാഹികളായ ഗോപൻനന്പാട്ടും ജയിംസ്കുട്ടി ജേക്കബും ജയ്സണ്‍ മാത്യുവും ആദരിച്ചു. മൂന്നു ദിവസമായി നടന്നുവന്ന സമ്മേളനം ഇന്നലെ സമാപിച്ചു.
മാധ്യമ പ്രവർത്തക വേജ്ബോർഡ് ഉടൻ രൂപീകരിക്കുക: എഐഎൻഇഎഫ്
10:49 PM Sep 18, 2018 | Deepika.com