തിരുവനന്തപുരം: അടുത്തിടെ റിലീസ് ചെയ്ത പുതിയ സിനിമകൾ ഇന്റർനെറ്റിൽ വ്യാപകമായതിനെക്കുറിച്ച് പോലീസ് ആന്റി പൈറസി സെൽ അന്വേഷണം തുടങ്ങി. കുട്ടനാടൻ ബ്ലോഗ്, തീവണ്ടി തുടങ്ങിയ സിനിമകളാണ് ഇന്റർനെറ്റിലൂടെ വ്യാപകമായത്. രണ്ടു ചിത്രങ്ങളുടെയും നിർമാതാക്കൾ സംസ്ഥാന പോലീസ് മേധാവിക്കു പരാതി നൽകിയതിനെ തുടർന്നാണ് ആന്റി പൈറസി സെൽ അന്വേഷണം തുടങ്ങിയത്.
തമിഴ് റോക്കേഴ്സ് എന്ന വെബ്സൈറ്റുവഴിയാണ് പുതിയ മലയാള സിനിമകൾ പുറത്തുവന്നത്. അടുത്തിടെ പുറത്തിറങ്ങിയ മറ്റ് പ്രമുഖ താരങ്ങളുടെ ചിത്രങ്ങളും തമിഴ് റോക്കേഴ്സ് സൈറ്റിൽ അപ്ലോഡ് ചെയ്തിരുന്നു. തമിഴ് സിനിമകൾ റിലീസാകുന്ന ദിവസം തന്നെ സൈറ്റിലൂടെയെത്തിച്ചിരുന്ന സംഭവമുണ്ടായിട്ടുണ്ട്.
ഇതുവഴി നിർമാതാക്കൾക്ക് കോടികളുടെ നഷ്ടമാണുണ്ടായത്. പുതിയ മലയാള ചിത്രങ്ങൾ ഉൾപ്പടെയുളളവ ഇന്റർനെറ്റിൽ അപ്ലോഡ് ചെയ്ത് വൻതുക സന്പാദിച്ചിരുന്ന കേസിൽ ഇക്കഴിഞ്ഞ മാർച്ചിലാണ് തമിഴ് റോക്കേഴ്സ് ഉൾപ്പടെയുള്ള സൈറ്റുകളുടെ അഡ്മിൻമാരെ പോലീസ് അറസ്റ്റു ചെയ്തത്. പുതിയ ചിത്രങ്ങൾ തിയറ്ററിൽ നിന്ന് പകർത്തി ഇന്റർനെറ്റിൽ അപ്ലോഡ് ചെയ്തിരുന്ന ഇവർക്കു പരസ്യത്തിലൂടെ പ്രതിമാസം ലക്ഷങ്ങൾ വരുമാനമുണ്ടായിരുന്നതായും പോലീസ് കണ്ടെത്തിയിരുന്നു.
പുതിയ സിനിമകൾ ഇന്റർനെറ്റിൽ; ആന്റി പൈറസി സെൽ അന്വേഷണം തുടങ്ങി
12:34 AM Sep 17, 2018 | Deepika.com