തിരുവനന്തപുരം: പ്രളയാനന്തരമുണ്ടായ വിവിധ തരത്തിലുള്ള മാനസിക സംഘര്‍ഷങ്ങള്‍ ലഘൂകരിക്കുന്നതിന്റെ ഭാഗമായി സെപ്റ്റംബര്‍ 14 വരെ 1,85,538 പേര്‍ക്ക് സാമൂഹ്യ, മന:ശാസ്ത്ര ഇടപെടലുകളിലൂടെ സാന്ത്വനമേകാന്‍ കഴിഞ്ഞെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. 10 ജില്ലകളിലായി 349 പരിശീലന പരിപാടികള്‍ വഴി ആശാവര്‍ക്കര്‍മാര്‍ ഉള്‍പ്പെടെ 16,671 പേര്‍ക്ക് മാനസികാരോഗ്യ ദുരന്തനിവാരണ പരിശീലനം നല്‍കിയാണ് ഇത് സാധ്യമാക്കിയത്.
ഇവര്‍ 661 ക്യാമ്പും 1,00,187 ഭവനസന്ദര്‍ശനങ്ങളും നടത്തി. കൂടുതല്‍ ഇടപെടലുകള്‍ ആവശ്യമുള്ള 1525 പേര്‍ക്ക് മാനസികാരോഗ്യ ചികിത്സയും നല്കി. ഇതിനായി 10 ജില്ലകളിലായി 120 ടീമുകള്‍ പ്രവര്‍ത്തിച്ച് വരുന്നു. ആശാ പ്രവര്‍ത്തകര്‍ പരിശീലനം പൂര്‍ത്തിയാകുന്ന മുറയ്ക്ക് കൂടുതല്‍ ഭവന സന്ദര്‍ശനങ്ങള്‍ നടത്താനും അതുവഴി എല്ലാവര്ക്കും മാനസികാരോഗ്യ സേവനം ഉറപ്പുവരുത്തുവാനും കഴിയുമെന്നും മന്ത്രി പറഞ്ഞു.
പ്രളയാനന്തര മാനസികാരോഗ്യം: 1.85 ലക്ഷം പേര്‍ക്ക് ആശ്വാസമേകി
12:34 AM Sep 17, 2018 | Deepika.com