കൊച്ചി: സഭയിലും സമൂഹത്തിലും നിരന്തരമായി ദൈവാന്വേഷണത്തിന്റെ തീർഥയാത്രികരായി മാറാൻ സമർപ്പിതർക്കു സാധിക്കണമെന്നു സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പറഞ്ഞു. ഈ വർഷം നിത്യവ്രതമെടുക്കുന്ന സീറോ മലബാർ സഭയിലെ സമർപ്പിതർക്കായി കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നടത്തിയ ഏകദിന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രവാചകദൗത്യത്തോടെ ക്രിസ്തുവിനെ അനുകരിക്കാൻ നാം പരിശ്രമിക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു. സമർപ്പിത അപ്പസ്തോലിക സമൂഹങ്ങൾക്കായുള്ള കമ്മീഷന്റെ ചെയർമാൻ ബിഷപ് മാർ ജോസ് പൊരുന്നേടം അധ്യക്ഷത വഹിച്ചു. സന്യാസവ്രതത്തിലൂടെ സമർപ്പിതർ ക്രിസ്തുവിന്റെ ജീവിക്കുന്ന വചനവും ദൈവസ്നേഹത്തിന്റെ അസ്തിത്വവുമായി മാറാനാണു വിളിക്കപ്പെടുകയെന്ന് അദ്ദേഹം ഓർമിപ്പിച്ചു.
കമ്മീഷൻ സെക്രട്ടറി ഫാ. ഷാബിൻ കാരകുന്നേൽ, ഓഫീസ് സെക്രട്ടറി സിസ്റ്റർ ഡിവോഷ്യ എന്നിവർ പ്രസംഗിച്ചു.
സമർപ്പിതർ ദൈവാന്വേഷണത്തിന്റെ തീർഥയാത്രികർ: മാർ ആലഞ്ചേരി
11:40 PM Sep 16, 2018 | Deepika.com