തിരുവനന്തപുരം: പ്രളയദുരന്തത്തിൽ തകർന്ന വീടുകളും സ്കൂളുകളും ആശുപത്രികളും സൗജന്യമായി പുനർനിർമിക്കാനും മറ്റു സഹായങ്ങൾ ലഭ്യമാക്കാനും തയാറായി വിവിധ ഏജൻസികളും സ്ഥാപനങ്ങളും വ്യക്തികളും മുന്നോട്ടുവരുന്ന സാഹചര്യത്തിൽ ഇവ ഏകോപിപ്പിച്ച് സഹായം പ്രയോജനപ്പെടുത്താൻ മന്ത്രിസഭാ ഉപസമിതി തീരുമാനിച്ചു.
ഇതിനായി ആസൂത്രണ വകുപ്പ് വെബ് പോർട്ടൽ തയാറാക്കുമെന്നു മന്ത്രി ഇ.പി. ജയരാജൻ അറിയിച്ചു. സഹായം നൽകാൻ സന്നദ്ധതയുള്ളവർക്ക് ഈ പോർട്ടൽ വഴി സർക്കാരിനെ ബന്ധപ്പെടാം. എവിടെയൊക്കെ, ആർക്കൊക്കെ അടിയന്തര സഹായം ആവശ്യമുണ്ടെന്ന വിവരം ഈ പോർട്ടൽ വഴി അറിയാനാകും.
വെള്ളം കയറി വീട്ടുസാധനങ്ങൾ നശിച്ചവർക്ക് കുടുംബശ്രീ വഴി നൽകുന്ന ഒരു ലക്ഷം രൂപ പലിശരഹിത വായ്പ 25 നു നൽകിത്തുടങ്ങാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. നഷ്ടപ്പെട്ട രേഖകളുടെ വിതരണം ആരംഭിച്ചിട്ടുണ്ട്. കുറച്ചു ദിവസങ്ങൾക്കകം രേഖാവിതരണം പൂർത്തിയാക്കാൻ കഴിയും.
ലോക ബാങ്ക്, എഡിബി, ഐഎഫ്സി എന്നീ അന്താരാഷ്ട്ര ഏജൻസികളുടെ പ്രതിനിധികൾ സംസ്ഥാനത്തെ വിവിധ ജില്ലകൾ സന്ദർശിച്ച് നഷ്ടം വിലയിരുത്തുകയാണ്. മൂന്നോ നാലോ ദിവസത്തിനകം അത് പൂർത്തിയാകും. 21ന് ഈ ഏജൻസികളുടെ റിപ്പോർട്ട് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സഹായം സംബന്ധിച്ച തീരുമാനം അതിനുശേഷമുണ്ടാകും.
10,000 രൂപ വീതമുള്ള സഹായം കഴിഞ്ഞ ദിവസത്തെ കണക്കു പ്രകാരം 5.01 ലക്ഷം കുടുംബങ്ങൾക്കു നൽകി. ഇനി 96,500 കുടുംബങ്ങൾക്കാണു സഹായം നൽകാനുള്ളത്. ബാങ്ക് അക്കൗണ്ട് വിവരങ്ങൾ കൃത്യമായി ലഭ്യമാക്കാത്തതും ചില ആവർത്തനങ്ങളുമാണ് സഹായവിതരണം പൂർത്തിയാക്കുന്നതിന് പ്രയാസമുണ്ടാക്കിയത്. ഇന്നും നാളെയുമായി സഹായവിതരണം പൂർത്തിയാകും.
122 ക്യാമ്പുകളിലായി 1498 കുടുംബങ്ങളിലെ 4857 പേരാണ് ഇപ്പോൾ ദുരിതാശ്വാസ ക്യാമ്പുകളിലുള്ളത്. വെള്ളം കയറിയ 6.89 ലക്ഷം വീടുകളാണ് ഇതുവരെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ വൃത്തിയാക്കിയത്.
ഇനി 3501 വീടുകളേ ബാക്കിയുള്ളൂ. 3.19 ലക്ഷം കിണറുകൾ വൃത്തിയാക്കി. വെള്ളം ഇറങ്ങാത്ത പ്രദേശങ്ങളിൽ കുറച്ചു കിണറുകൾ കൂടി വൃത്തിയാക്കാൻ ബാക്കിയുണ്ട്. 4213 ടണ്‍ ജൈവമാലിന്യമാണ് ഇതുവരെ ശേഖരിച്ചത്. അതിൽ 4036 ടണ്ണും സംസ്കരിച്ചു. 4305 ടണ്‍ അജൈവ മാലിന്യം ശേഖരിച്ചിട്ടുണ്ട്. അവ ഘട്ടം ഘട്ടമായി സംസ്കരിക്കും.
വിദ്യാലയങ്ങൾ വഴിയുള്ള ധനസമാഹരണം നല്ലരീതിയിൽ നടന്നിട്ടുണ്ട്. രണ്ടായിരം വിദ്യാലയങ്ങളുടെ കണക്ക് ലഭിച്ചപ്പോൾ സമാഹരിക്കാൻ കഴിഞ്ഞ തുക 2.05 കോടി രൂപയാണ്. മൊത്തം പതിനാറായിരം വിദ്യാലയങ്ങളാണുള്ളത്.
ഒരു ലക്ഷം രൂപ വായ്പ 25 മുതൽ
01:12 AM Sep 13, 2018 | Deepika.com