തിരുവനന്തപുരം: വീടുകളിൽ വെള്ളം കയറിയതിനെ തുടർന്നു രേഖകളും പാഠപുസ്തകങ്ങളും നഷ്ടപ്പെട്ടവർക്ക് എത്രയും വേഗത്തിൽ അതു ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
രേഖകൾ ലഭ്യമാക്കുന്നതിന് അദാലത്തുകൾ നടത്തി തീരുമാനമെടുക്കണമെന്ന് നേരത്തേ തന്നെ നിർദേശം നൽകിയിട്ടുണ്ട്. ഒരോ വകുപ്പിനും പ്രത്യേകം അപേക്ഷകൾ നൽകി രേഖകളുടെ പകർപ്പ് ലഭ്യമാക്കുന്നതിന് പകരം ഒരു ഐടി അധിഷ്ഠിത സംവിധാനം വഴി എത്രയും വേഗം ഇതു സാധ്യമാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
പാഠപുസ്തകം നഷ്ടപ്പെട്ട കുട്ടികൾക്ക് എല്ലാവർക്കും പുതിയ പുസ്തകം സൗജന്യമായും സമയബന്ധിതമായും നൽകുന്നതിനുള്ള നടപടിയായിട്ടുണ്ട്. 36 ലക്ഷം പുസ്തകങ്ങൾ അച്ചടിച്ച് തയാറാക്കിയിട്ടുണ്ട്. അവ എത്തിക്കുന്നതിന് കെബിപിഎസിനെ സജ്ജമാക്കി നിർത്തിയിട്ടുണ്ട്. വിദ്യാഭ്യാസ വകുപ്പ് അതിന്റെ കണക്കുകൾ ലഭ്യമാക്കുന്ന മുറയ്ക്ക് പാഠപുസ്തകമെത്തിക്കും.
പാഠപുസ്തകം ഇല്ലാത്തതിനെ തുടർന്ന് കുട്ടികൾക്ക് ഉണ്ടായ ബുദ്ധിമുട്ട് കണക്കിലെടുത്താണ് ഓണപ്പരീക്ഷ മാറ്റിവയ്ക്കാൻ തീരുമാനിച്ചതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
പാഠപുസ്തകങ്ങളും രേഖകളുംവേഗത്തിൽ ലഭ്യമാക്കും
12:36 AM Aug 20, 2018 | Deepika.com