പുഞ്ചവയൽ: കാട്ടാനയുടെ കുത്തേറ്റു വീട്ടമ്മ മരിച്ചു. ഇഞ്ചക്കുഴി- പുഞ്ചവയല്‍ കുര്യന്‍പ്ലാക്കല്‍ മനോജിന്റെ ഭാര്യ സൗദാമിനി(മിനി-46)യാണ് മരിച്ചത്. ഇന്നലെ ഏഴോടെയാണ് സംഭവം. ഭർത്താവ് മനോജിനോടൊപ്പം പുല്ലു പറിക്കാൻ ഇറങ്ങിയപ്പോഴാണ് കാട്ടാനയുടെ ആക്രമണം.
ആനയുടെ മുന്നിൽപ്പെട്ട മിനിയെ കാട്ടാന കുത്തി മുന്നോട്ടു നീക്കി. ഈ സമയം ആനയുടെ ശ്രദ്ധതിരിക്കാനായി മനോജ് ആനയുടെ വാലിൽ പിടിച്ചുവലിച്ചു. ആനയുടെ ശ്രദ്ധതിരിഞ്ഞപ്പോൾ മിനിയെ എടുത്ത് മനോജ് കുറെദൂരം ഓടി. വീട്ടിൽനിന്ന് ഒന്നര കിലോമീറ്റർ അകലെയായിരുന്നു സംഭവം.
പിന്നീട് അയൽവാസികളെ വിളിച്ചുകൂട്ടി ഇവരുടെ സഹായത്തോടെ മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും ഈ പ്രദേശത്തു പുല്ലുപറിക്കാനും വിറകിനുമായി പൊയ്ക്കൊണ്ടിരുന്നവരാണ് മനോജും സൗദാമിനിയും. സംസ്കാരം പിന്നീട്. മകൻ: മഹേഷ് (വിദ്യാർഥി, സെന്റ് തോമസ് കോളജ്, റാന്നി).
വീട്ടമ്മയെ കാട്ടാന കുത്തിക്കൊന്നു
12:24 AM Aug 17, 2018 | Deepika.com