കോട്ടയം: അരി, സേമിയ, പാൽപ്പായസങ്ങളൊക്കെ തിരുവോണക്കാലത്ത് ആസ്വദിച്ചു കുടിക്കുന്നവർക്കു മുന്നിൽ ഇന്നലെ പാചകറാണികൾ നിരത്തിയത് ന്യൂ ജെൻ പായസക്കൂട്ടുകൾ.
ബിസിഎം കോളജ് ഹോം സയൻസ് ഡിപ്പാർട്ട്മെന്റ് ഇന്നലെ സംഘടിപ്പിച്ച പായസപ്പൊലിമ ഇന്റർകോളീജിയറ്റ് പായസ പാചക മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയത് സോയാ -ഡെയ്റ്റ്സ് റൈസ് പായസം. സോയാ ബീനും ഉണക്കപ്പഴങ്ങളും ചേർന്ന അരിപ്പായസമാണു പാലാ അൽഫോൻസാ കോളജിലെ വിദ്യാർഥിനികൾ ഉണ്ടാക്കിയത്. രണ്ടാം സ്ഥാനം നേടിയത് ചങ്ങനാശേരി എൻഎസ്എസ് കോളജിന്റെ പഞ്ചമലർ പായസം.
ചങ്ങനാശേരി അസംപ്ഷൻ കോളജുണ്ടാക്കിയ അവൽ ഈന്തപ്പഴം പായസം മൂന്നാം സ്ഥാനം നേടി. ബീറ്റ്റൂട്ട്, കാരറ്റ്, ചേന, കിഴങ്ങ്, മത്തങ്ങ എന്നിവയുടെ കൂട്ടിലാണ് പഞ്ചമലർ പായസം തയാറാക്കിയത്. കോട്ടയം സിഎംഎസ് കോളജ് ടീം വാഴക്കൂന്പ് പായസവും എറണാകുളം സെന്റ് തെരേസാസ് കോളജ് അടപ്രഥമനും ഒരുക്കി രുചിപ്പെരുമയിൽ പങ്കുചേർന്നു. ഒരു കോളജിൽനിന്നു മൂന്നു പേരടങ്ങിയ ടീമാണ് മത്സരത്തിൽ പങ്കെടുത്തത്.
പായസപ്പൊലിമയിൽ അൽഫോൻസ കോളജ് രുചിറാണി
01:19 AM Aug 15, 2018 | Deepika.com