കോതമംഗലം: ഇടമലയാറിലെ എല്ലാ ഷട്ടറുകളും ഉയർത്തിയിട്ടും ജലനിരപ്പിൽ നേരിയ കുറവു മാത്രം. ഒരു മീറ്റർ വീതം ഉയർത്തിയ നാലു ഷട്ടറുകൾ വഴി ഞായറാഴ്ച വൈകുന്നേരം മുതൽ 400 ഘനമീറ്റർ (നാലു ലക്ഷം ലിറ്റർ) വെള്ളമാണു പെരിയാറിലേക്ക് ഒഴുക്കിവിടുന്നത്. ഞായറാഴ്ച വൈകുന്നേരം 168.90 മീറ്റർ രേഖപ്പെടുത്തിയപ്പോഴായിരുന്നു അവസാന ഷട്ടറും തുറന്നത്.
ഇന്നലെ വൈകുന്നേരം 168. 72 മീറ്ററാണു സംഭരണിയിലെ ജലനിരപ്പ്. ഒരു ദിവസം പിന്നിട്ടിട്ടും കുറഞ്ഞതു 0.18 മീറ്റർ മാത്രം. ഡാമിന്റെ വൃഷ്ടിപ്രദേശത്തു മഴ വീണ്ടും ശക്തിപ്രാപിച്ചു സംഭരണിയിലേക്കു നീരൊഴുക്കു വർധിച്ചതാണു ജലനിരപ്പു കുറയാതിരിക്കാൻ കാരണം. 28 ചതുരശ്ര കിലോമീറ്റർ സംഭരണിയുള്ള ഈ ഡാമിന് 300 ചതുരശ്ര കിലോമീറ്റർ വൃഷ്ടിപ്രദേശമാണുള്ളത്. ജലനിരപ്പു നിയന്ത്രണവിധേയമായാൽ മാത്രമേ ഡാം പൂർണമായി അടക്കൂവെന്ന് അധികൃതർ പറഞ്ഞു.
ഇടമലയാർ ഡാം: ഷട്ടറുകൾ ഉയർത്തിയിട്ടും താഴാതെ ജലനിരപ്പ്
01:02 AM Aug 14, 2018 | Deepika.com