തിരുവനന്തപുരം: പുതിയ ഒൻപത് പോലീസ് സ്റ്റേഷനുകളുടെയും മൂന്ന് പോലീസ് സ്റ്റേഷനുകൾക്കുള്ള പുതിയ മന്ദിരങ്ങളുടെയും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നു നിർവഹിക്കും. തിരുവനന്തപുരം റൂറൽ ജില്ലയിലെ നഗരൂർ പോലീസ് സ്റ്റേഷനിലാണു മുഖ്യചടങ്ങ്. ബാക്കി പതിനൊന്നു സ്ഥലങ്ങളിലെ ഉദ്ഘാടനം മുഖ്യമന്ത്രി വീഡിയോ കോണ്ഫറൻസിലൂടെ നിർവഹിക്കും.
കേരളത്തിലെ ആദ്യത്തെ സന്പൂർണ കംപ്യൂട്ടർവത്കൃത പോലീസ് സ്റ്റേഷനായ നഗരൂർ പോലീസ് സ്റ്റേഷൻ കൂടാതെ കൊല്ലം ജില്ലയിലെ അച്ചൻകോവിൽ, തൃശൂർ ജില്ലയിലെ കയ്പമംഗലം, പാലക്കാട് ജില്ലയിലെ കൊപ്പം, വയനാട് ജില്ലയിലെ തൊണ്ടർനാട് എന്നീ ലോക്കൽ പോലീസ് സ്റ്റേഷനുകളും തിരുവനന്തപുരം റൂറൽ ജില്ലയിലെ പൂവാർ, അഞ്ചുതെങ്ങ്, കോഴിക്കോട് ജില്ലയിലെ വടകര, ഏലത്തൂർ എന്നീ തീരദേശ പോലീസ് സ്റ്റേഷനുകളും കണ്ണൂർ ജില്ലയിലെ ന്യൂ മാഹി, പാലക്കാട് ജില്ലയിലെ കുഴൽമന്ദം, ആലപ്പുഴ ജില്ലയിലെ കുറത്തിക്കാട് എന്നീ പോലീസ് സ്റ്റേഷൻ മന്ദിരങ്ങളുമാണ് ഉദ്ഘാടനം ചെയ്യപ്പെടുന്നത്.
471 ലോക്കൽ സ്റ്റേഷനുകളാണു നിലവിലുണ്ടായിരുന്നത് 13 പുതിയ ലോക്കൽ പോലീസ് സ്റ്റേഷനുകൾ ആരംഭിക്കുമെന്നു സർക്കാർ പ്രഖ്യാപിച്ചിരുന്നു. അതിൽ പിണറായിയിലെ പോലീസ് സ്റ്റേഷൻ ഉദ്ഘാടനം ചെയ്തു. പുതുതായി അഞ്ചെണ്ണംകൂടി വരുന്നതോടെ സംസ്ഥാനത്തെ ലോക്കൽ പോലീസ് സ്റ്റേഷനുകളുടെ എണ്ണം 477 ആയി ഉയരും. സർക്കാർ പ്രഖ്യാപിച്ച 13 സ്റ്റേഷനുകളിൽ ബാക്കിയുള്ളവയുടെയും വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്.
തിരുവനന്തപുരം റൂറൽ ജില്ലയിലെ നഗരൂർ പോലീസ് സ്റ്റേഷനിൽ രാവിലെ 11 നു നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ അഡ്വ.ബി.സത്യൻ എംഎൽഎ, ഡോ. എ.സന്പത്ത് എംപി, സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ തുടങ്ങിയവർ പങ്കെടുക്കും. വിവിധ സ്റ്റേഷനുകളുടെ ഉദ്ഘാടന ചടങ്ങിൽ മന്ത്രിമാരും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സംബന്ധിക്കും.
ഒൻപതു പോലീസ് സ്റ്റേഷനുകളും മൂന്നു പുതിയ മന്ദിരങ്ങളും ഇന്ന് ഉദ്ഘാടനം ചെയ്യും
01:44 AM Aug 13, 2018 | Deepika.com