കുമരകം: കുമരകം -ചേർത്തല റോഡിൽ കൈപ്പുഴ മുട്ടിനു സമീപം കാർ തണൽ മരത്തിലിടിച്ച് അഞ്ച് പേർക്ക് പരിക്കേറ്റു. തലയാഴം സ്വദേശികളായ വിജീഷ് (35), പുഷ്പ (41), വിജയലക്ഷ്മി (48), ശാന്ത (50), അഞ്ജു (16) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
ഞായറാഴ്ച ഉച്ചകഴിഞ്ഞു 3.30നാണ് സംഭവം. കുമരകത്ത് നിന്നും വൈക്കം ഭാഗത്തേക്കു വന്ന മാരുതി ആൾട്ടോ 800 കാറാണ് അപകടത്തിൽ പെട്ടത്. നിയന്ത്രണ വിട്ട കാർ റോഡിന്റെ റിഫ്ളക്ടർ പോസ്റ്റുകൾ തകർത്താണ് മരത്തിലിടിച്ചത്. കാറിന്റെ മുൻഭാഗം പൂർണമായി തകർന്നു. കാറിന്റെ ബോണറ്റിൽനിന്നും പുക ഉയരുന്നത് കണ്ട നാട്ടുകാർ ഫയർഫോഴ്സിനെ വിവരം അറിയിച്ചു. കോട്ടയത്തുനിന്നു ഫയർ ഫോഴ്സും സ്ഥലത്ത് എത്തി. കാറിന്റെ ബോണറ്റിനുള്ളിൽ ബാറ്ററി ഷോർട്ടായതാണ് പുക ഉയരാൻ കാരണമായത്. ഫയർഫോഴ്സ് എത്തിയപ്പോഴേക്കും നാട്ടുകാർ രക്ഷാപ്രവർത്തനം പൂർത്തിയാക്കിയിരുന്നു. തണൽമരത്തിൽ ഇടിച്ചു നിന്നതിനാലാണ് നെൽകൃഷി ഉള്ള റോഡരികിലെ പള്ളിപ്പാടത്തേക്ക് കാർ മറിഞ്ഞു വീഴാതിരുന്നത്. കുമരകം പോലീസ് അപകടസ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
കാർ മരത്തിലിടിച്ച് അഞ്ചു പേർക്കു പരിക്ക്
01:11 AM Aug 13, 2018 | Deepika.com