തിരുവനന്തപുരം: ഇടുക്കി, വയനാട് ജില്ലകളിൽ ചൊവ്വാഴ്ച വരെയും ആലപ്പുഴ, കണ്ണൂർ ജില്ലകളിൽ നാളെ വരെയും റെഡ് അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഇന്നു റെഡ് അലർട്ടുണ്ട്. കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ എട്ടു ജില്ലകളിലും ബുധനാഴ്ച വരെ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുള്ളതായി ദുരന്തനിവാരണ അഥോറിറ്റി അറിയിച്ചു.
ബുധനാഴ്ച രാവിലെ വരെ 20 സെന്റിമീറ്ററിനു മുകളിലുള്ള കനത്ത മഴയ്ക്കാണു സാധ്യത. പടിഞ്ഞാറൻ കാറ്റിന്റെ വേഗം മണിക്കൂറിൽ 55 കിലോമീറ്റർ വരെ ആകാൻ സാധ്യതയുള്ളതിനാൽ മീൻപിടിത്തക്കാർ ജാഗ്രത പാലിക്കണം. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്ക സാധ്യതയുണ്ട്.
കരുതൽ ഇങ്ങനെ...
ഉരുൾപൊട്ടൽ സാധ്യത ഉള്ളതിനാൽ രാത്രി സമയത്തു മലയോര മേഖലകളിലേക്കുള്ള യാത്ര പരിമിതിപ്പെടുത്തണമെന്നു ദുരന്തനിവാരണ അഥോറിറ്റി മുന്നറിയിപ്പ് നൽ കി.
ബീച്ചുകളിലും കടലിലും ഇറങ്ങരുത്. പുഴയോരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. മലയോര മേഖലകളിൽ ചാലുകൾക്കു സമീപം വാഹനം നിർത്തിയിടരുത്. മരങ്ങൾക്കു താഴെ വാഹനങ്ങൾ പാർക്ക് ചെയ്യരുത്. മലയോര മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം, ഉദ്യോഗസ്ഥർ ആവശ്യപ്പെടുന്നപക്ഷം മാറിത്താമസിക്കണം, കുട്ടികൾ പുഴകളിൽ ഇറങ്ങരുത്. രക്ഷിതാക്കൾ ഇക്കാര്യത്തിൽ പ്രത്യേക ജാഗ്രത പാലിക്കണം.
ബുധനാഴ്ച വരെ കനത്ത മഴ; വീണ്ടും റെഡ് അലർട്ട്
01:38 AM Aug 12, 2018 | Deepika.com