തൃശൂർ: രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്നു തൃശൂരിൽ. സെന്റ് തോമസ് കോളജിന്റെ ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്തശേഷം ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തും.
രാഷ്ട്രപതിയുടെ സന്ദർശനത്തോടനുബന്ധിച്ച് ശക്തമായ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. വധഭീഷണികൂടി വന്നതോടെ സുരക്ഷാക്രമീകരണങ്ങൾ കൂടുതൽ കർക്കശമാക്കി. പോലീസിനു പുറമേ, വ്യോമസേന, നാഷണൽ സെക്യൂരിറ്റി ഗാർഡ്സ്, ദുരന്ത നിവാരണ സേന എന്നീ സേനാ വിഭാഗങ്ങളുടെ നേതൃത്വത്തിലാണ് സുരക്ഷാ ക്രമീകരണങ്ങൾ. രാഷ്ട്രപതിയുടെ സന്ദർശനത്തിന്റെ ട്രയൽ റണ്‍ ഇന്നലെ രാവിലെ സെന്റ് തോമസ് കോളജിൽ നടന്നു. ഗുരുവായൂരിലെ പരീക്ഷണ പരിപാടിയും പൂർത്തിയാക്കി. ശ്രീകൃഷ്ണ കോളജ് ഗ്രൗണ്ടിലാണു താത്കാലിക ഹെലിപാഡ്.
തൃശൂർ കുട്ടനെല്ലൂരിൽ ഗവണ്മെന്റ് കോളജ് ഗ്രൗണ്ടിലെ ഹെലിപാഡിൽ ഹെലികോപ്റ്ററിൽ ഇറങ്ങുന്ന രാഷ്ട്രപതി കാറിൽ സെന്റ് തോമസ് കോളജിലെത്തും. സയൻസ് ബ്ലോക്കിലെ മോണ്‍. ജോണ്‍ പാലോക്കാരൻ സ്ക്വയറിൽ സ്റ്റേജ് ഉണ്ടെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥരുടെ നിർദേശാനുസരണം ഗേറ്റിനു തൊട്ടടുത്ത് വലതുവശത്തായി താത്കാലിക സ്റ്റേജ് നിർമിച്ചു. രാഷ്ട്രപതിയുടെ കാർ സ്റ്റേജിനരികിൽവരെ എത്തണമെന്നു സുരക്ഷാ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണിത്.
രാഷ്ട്രപതി ഇന്നു തൃശൂരിൽ, സുരക്ഷ ഉറപ്പാക്കാൻ പരീക്ഷണ യാത്ര
10:46 PM Aug 06, 2018 | Deepika.com