കൊച്ചി: സീറോ മലബാർ സഭയുടെ 2018ലെ ഇയർ ബുക്ക് (ഡയറക്ടറി) മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പ്രകാശനം ചെയ്തു. സഭയെക്കുറിച്ചുള്ള സമഗ്രവിവരങ്ങൾ സംക്ഷിപ്തമായി ഇയർബുക്കിൽ രേഖപ്പെടുത്തിയിട്ടുണ്ട്. സീറോ മലബാർ സഭയെ ഒറ്റനോട്ടത്തിൽ മനസിലാക്കാൻ സഹായിക്കുന്ന രീതിയിലാണ് 2018ലെ ഇയർ ബുക്ക് ക്രമീകരിച്ചിരിക്കുന്നതെന്ന് ഇതിന്റെ പ്രവർത്തനങ്ങൾക്കു മേൽനോട്ടം വഹിച്ച സഭയുടെ കൂരിയ വൈസ് ചാൻസലർ ഫാ. പോൾ റോബിൻ തെക്കത്ത് അറിയിച്ചു.
സഭയുടെ ചരിത്രം, ഫ്രാൻസിസ് മാർപാപ്പയുടെയും മേജർ ആർച്ച്ബിഷപ്പിന്റെയും ഔദ്യോഗിക ജീവിതത്തിലെ ഏറ്റവും പ്രധാന തീയതികൾ, സഭയിലെ എല്ലാ മെത്രാൻമാരുടെയും ചിത്രങ്ങൾ സഹിതമുള്ള വിവരങ്ങൾ, മേജർ ആർച്ച്ബിഷപ് അംഗമായ വത്തിക്കാനിലെ നാലു തിരുസംഘങ്ങളുടെ വിശദാംശങ്ങൾ എന്നിവ ഇയർ ബുക്കിലുണ്ട്.
ലോകമെന്പാടും വ്യാപിച്ചുകിടക്കുന്ന സീറോ മലബാർ സഭയെക്കുറിച്ചുള്ള പുതിയ സ്ഥിതിവിവരക്കണക്കുകൾ, രൂപത, സഭാ തലങ്ങളിൽ വൈദികരുടെയും സന്യസ്തരുടെയും വിശ്വാസികളുടെയും എണ്ണം, സെമിനാരികൾ, സന്ന്യാസ സമൂഹങ്ങൾ, സഭയിലെ വിശുദ്ധരുടെയും വാഴ്ത്തപ്പെട്ടവരുടെയും ധന്യരുടെയും ദൈവദാസരുടെയും പട്ടിക, മുൻകാലങ്ങളിൽ സഭയെ നയിച്ചവർ, സഭയുടെ വിവിധ ശുശ്രൂഷകൾ, ഓഫീസുകൾ എന്നിവയെക്കുറിച്ചുള്ള സമഗ്രവിവരങ്ങളും ഇയർബുക്കിലുണ്ട്. മേജർ ആർച്ച്ബിഷപ്പിന്റേതാണ് അവതാരിക.
കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നടന്ന ചടങ്ങിൽ കൂരിയ ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ മേജർ ആർച്ച്ബിഷപ്പിൽനിന്ന് ഇയർബുക്കിന്റെ ആദ്യപ്രതി ഏറ്റുവാങ്ങി. ചാൻസലർ റവ.ഡോ. ആന്റണി കൊള്ളന്നൂർ, വൈസ് ചാൻസലർ റവ. ഡോ. വിൻസന്റ് ചെറുവത്തൂർ, ഫാ. ബിവാൾഡിൻ തേവർകുന്നേൽ, സിസ്റ്റർ ലിസി തെരേസ് എന്നിവർ പ്രകാശനച്ചടങ്ങിൽ പങ്കെടുത്തു.
സീറോ മലബാർ സഭ ഇയർബുക്ക് 2018 പ്രകാശനംചെയ്തു
01:34 AM Jul 22, 2018 | Deepika.com