തൃശൂർ: സെന്റ് തോമസ് കോളജിന്റെ ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്യാൻ അടുത്ത മാസം ഏഴിനു രാഷ്ട്രപതി രാംനാഥ് കോവിന്ദ് തൃശൂരിലെത്തും.
ഒരു വർഷം നീളുന്ന പരിപാടികളാണ് അദ്ദേഹം ഉദ്ഘാടനം ചെയ്യുക. രാഷ്ട്രപതിയുടെ സന്ദർശനത്തിനു മുന്നോടിയായുള്ള സുരക്ഷാ പരിശോധനകൾക്കും ക്രമീകരണങ്ങൾക്കുമുള്ള നടപടികൾ ആരംഭിച്ചു.
സുരക്ഷയുടെ പ്രോട്ടോകോൾ ഓഫീസറും ഉയർന്ന പോലീസ് ഓഫീസർമാരും എത്തി കോളജിൽ ഏർപ്പെടുത്തേണ്ട ക്രമീകരണങ്ങൾ ആസൂത്രണം ചെയ്തു.
കോളജിലെ സയൻസ് ബ്ലോക്കിലുള്ള ഫാ. പാലോക്കാരൻ ഓഡിറ്റോറിയത്തിലാണു സമ്മേളനം നടത്തുക. മൂവായിരം പേർക്ക് ഇരിക്കാൻ സൗകര്യമുള്ള ഓഡിറ്റോറിയമാണിത്. എന്നാൽ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി അത്രയും പേർക്കു പ്രവേശനം നൽകാനാവില്ല.
വേദിക്കു തൊട്ടരികിലേക്കു രാഷ്ട്രപതിയുടെ വാഹനം എത്തുന്ന വിധത്തിലുള്ള ക്രമീകരണം ചെയ്യണം. സദസിനെ കോളങ്ങളാക്കി തിരിക്കണം. ആംബുലൻസ്, മെഡിക്കൽ സംഘം തുടങ്ങിയ സന്നാഹങ്ങൾക്കു സൗകര്യം വേണം.
എമർജൻസി എക്സിറ്റ് സംവിധാനവും വേണം. ഇത്തരം സൗകര്യങ്ങൾ ഏർപ്പെടുത്തേണ്ടത് എങ്ങനെയെന്ന് ഉദ്യോഗസ്ഥർ പരിശോധന നടത്തി നിർദേശങ്ങൾ തയാറാക്കിയിട്ടുണ്ട്.
ഫ്രാങ്കോ ലൂയിസ്
സെന്റ് തോമസ് ശതാബ്ദിക്ക് രാഷ്ട്രപതി എത്തും
12:26 AM Jul 22, 2018 | Deepika.com