നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച നാല് കിലോഗ്രാം സ്വർണം ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് (ഡിആർഐ) വിഭാഗം പിടികൂടി. മാള സ്വദേശി സുരേഷ് ബാബു (58) വാണ് പിടിയിലായത്. ഇന്നലെ വൈകുന്നേരം മസ്കറ്റിൽനിന്ന് ഒമാൻ എയർ വിമാനത്തിലാണ് ഇയാൾ നെടുമ്പാശേരിയിലെത്തിയത്. പിടിച്ചെടുത്ത സ്വർണത്തിന് 1.23 കോടി രൂപ വില വരും.
ഒരു കിലോഗ്രാം തൂക്കം വരുന്ന നാല് സ്വർണക്കട്ടികൾ യുപിഎസിനകത്ത് ഒളിപ്പിച്ചാണ് ഇയാൾ കടത്താൻ ശ്രമിച്ചത്. ബാഗേജിനകത്തായിരുന്ന യുപിഎസ് പുറത്തെടുത്ത ശേഷം മുഴുവൻ ഭാഗങ്ങളും അഴിച്ചുമാറ്റിയ ശേഷമാണ് ട്രാൻസ്ഫോർമറിനകത്ത് ഒളിപ്പിച്ചിരുന്ന സ്വർണക്കട്ടികൾ പുറത്തെടുത്തത്. വിമാനത്താവളം വഴി സ്വർണം കടത്തുന്നതായി രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഡിആർഐ ഉദ്യോഗസ്ഥർ പരിശോധനയ്ക്കെത്തിയത്.
പിടിയിലായ സുരേഷ് കുമാർ സ്വർണക്കടത്ത് സംഘത്തിന്റെ കാരിയറാണെന്ന് ഡിആർഐ ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും.
നെടുന്പാശേരിയിൽ നാലു കിലോ സ്വർണം പിടികൂടി
02:08 AM Jul 21, 2018 | Deepika.com