മുണ്ടക്കയം: പുല്ലകയാറ്റില്‍ മീന്‍പിടിക്കുന്നതിനിടയില്‍ ഒഴുക്കില്‍പ്പെട്ട രണ്ടുപേരില്‍ ഒരാളുടെ മൃതദേഹം കണ്ടെടുത്തു. മറ്റൊരാളുടെ മൃതദേഹത്തിനായി തെരച്ചില്‍ തുടരുന്നു.അടൂര്‍ കടമ്പനാട് മേലേട്ടു തകിടിയില്‍ പ്രദീപ് - ലിസി ദമ്പതികളുടെ മകന് പ്രവീണിന്റെ (24)മൃതദേഹമാണ് മണിമലയാറ്റിലെ മൂരിക്കയത്തുനിന്നു കണ്ടെത്തിയത്.
ഇന്നലെ പുലര്‍ച്ചെ ആറരയോടെ ആറ്റിലെത്തിയ സമീപവാസിയാണ് മൃതദേഹം കണ്ടത്. ഇവര്‍ അറിയിച്ചതിനെ തുടര്‍ന്നു പെരുവന്താനം പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തി കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടം നടത്തി മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടു നല്കി. പ്രവീണിന്റെ സംസ് കാരം നടത്തി.അടൂര്‍, മണക്കാല വട്ടമല തെക്കേതില്‍ ഷാഹുലിന്റെ (21) മൃതദേഹം കണ്ടെത്താനായിട്ടില്ല. പ്രവീണും ഷാഹുലും തിങ്കളാഴ്ച വൈകുന്നേരം നാലോടെ പൂവഞ്ചി ക്രഷറിനു സമീപം പുല്ലകയാറ്റില്‍ മീന്‍ പിടിക്കുന്നതിനിടയില്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു. കഴിഞ്ഞ നാലു ദിവസമായി പുല്ലകയാര്‍, മണിമലയാര്‍ എന്നിവിടങ്ങളിലെ വിവിധ കടവുകളില്‍ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ബുധനാഴ്ച കോതമംഗലത്തുനിന്നു സ്കൂബാടീമും ഇന്നലെ കൊച്ചിയില്‍ നിന്നു നാവികസേന മുങ്ങല്‍ വിദഗ്ധരും പരിശോധന നടത്തിയിരുന്നു. പോലീസും ഫയർഫോഴ്സും ഇന്നും തെരച്ചിൽ തുടരും.
ഒഴുക്കില്‍പ്പെട്ടു മരിച്ച ഒരാളുടെ മൃതദേഹം കണ്ടെത്തി
01:52 AM Jul 20, 2018 | Deepika.com