തൃശൂർ: സമൂഹം ഉപേക്ഷിച്ച അശരണർക്കായി ചെന്നായ്പ്പാറ ദിവ്യഹൃദയാശ്രമം കോമ്പൗണ്ടിൽ ജോയ് ആലുക്കാസ് ഫൗണ്ടേഷൻ സ്നേഹഭവൻ ഒരുക്കുന്നു. 12,000 സ്ക്വയർഫീറ്റ് വിസ്തീർണം വരുന്ന ആലയത്തിൽ 120 പേർക്കുള്ള സൗകര്യങ്ങളാണ് ഒരുക്കുന്നതെന്ന് ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയർമാൻ ജോയ് ആലുക്കാസ് പത്രസമ്മേളനത്തിൽ പറഞ്ഞു.
രണ്ടര കോടി രൂപ ചെലവിലാണ് കെട്ടിടങ്ങളും മറ്റു സൗകര്യങ്ങളും നിർമിക്കുന്നത്. ഈ വർഷം ഡിസംബർ അവസാനത്തോടെ പണി പൂർത്തിയാക്കും. രജത ജൂബിലിയാഘോഷിക്കുന്ന ദിവ്യഹൃദയാശ്രമത്തിന് സമർപ്പിക്കുന്ന ജൂബിലി സ്മാരകം കൂടിയായിരിക്കും സ്നേഹഭവൻ എന്നു ജോയ് ആലുക്കാസിന്റെ സഹധർമിണിയും ജോയ് ആലുക്കാസ് ഗ്രൂപ്പ് ഡയറക്ടറുമായ ജോളി ജോയ് ആലുക്കാസ് പറഞ്ഞു.
നൂറിലേറെ രോഗികളായ പരുഷൻമാരെ അധിവസിപ്പിച്ചിട്ടുള്ള പഴയ കെട്ടിടം തീരെ സൗകര്യങ്ങളില്ലാത്തതും ജീർണാവസ്ഥയിലുമാണ്. ഈ സാഹചര്യത്തിൽ പുതിയ കെട്ടിടം നിർമിച്ചു നൽകാൻ തയാറായ ജോയ് ആലുക്കാസിനോട് ഏറെ നന്ദിയുണ്ടെന്നു ചെന്നായ്പ്പാറ ദിവ്യഹൃദയാശ്രമം ഡയറക്ടർ ഫാ. ജോർജ് കണ്ണംപ്ലായ്ക്കൽ പറഞ്ഞു.
ജോയ് ആലുക്കാസ് ഫൗണ്ടേഷൻ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളാണ് നടത്തിവരുന്നതെന്ന് ഫൗണ്ടേഷൻ ചീഫ് കോ-ഓർഡിനേറ്റർ പി.പി. ജോസ് വ്യക്തമാക്കി. എൻഡോസൾഫാൻ ദുരിതബാധിതരായ 36 നിർധന കുടുംബങ്ങൾക്കുള്ള ഭവനങ്ങളുടെ പണി പൂർത്തിയാക്കി കഴിഞ്ഞു. കാസർഗോഡ് ജില്ലയിലാണ് വീടുകൾ നിർമിച്ചിരിക്കുന്നത്. രോഗം, ദാരിദ്ര്യം, അവഗണന തുടങ്ങിയ സാമൂഹ്യ സാഹചര്യങ്ങൾ മൂലം വേദന അനുഭവിക്കുന്ന ആയിരങ്ങൾക്ക് ജോയ് ആലുക്കാസ് ഫൗണ്ടേഷൻ കൈത്താങ്ങ് നൽകി വരുന്നുണ്ട്. അടുത്തവർഷം പത്തുകോടി രൂപയുടെ കാരുണ്യ പ്രവർത്തനങ്ങൾ നടത്താനാണ് ഫൗണ്ടേഷൻ ലക്ഷ്യമിടുന്നതെന്ന് ജോയ് ആലുക്കാസ് പറഞ്ഞു.
ജോയ് ആലുക്കാസിന്റെ സ്നേഹഭവൻ ചെന്നായ്പ്പാറയിൽ
01:51 AM Jul 19, 2018 | Deepika.com