കൊച്ചി: അംഗപരിമിതിയുള്ള വിദ്യാർഥിക്കുവേണ്ടി കോഴിക്കോട് ഓമശേരിയിലെ വെളിമണ്ണ യുപി സ്കൂളിൽ എട്ടാം ക്ലാസ് തുടങ്ങാൻ സിംഗിൾബെഞ്ച് നൽകിയ അനുമതി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു.
സർക്കാർ നൽകിയ അപ്പീലിലാണു നടപടി. വെളിമണ്ണ യുപി സ്കൂളിൽ പഠിക്കുന്ന 90 ശതമാനം അംഗപരിമിതിയുള്ള മുഹമ്മദ് അസീം എന്ന വിദ്യാർഥിയുടെ അപേക്ഷ പരിഗണിച്ച് ഈ സ്കൂളിന് എട്ടാം ക്ലാസ് കൂടി അനുവദിക്കാൻ സിംഗിൾബെഞ്ച് നിർദേശിച്ചിരുന്നു.
ഇവിടെ എട്ട് കിലോമീറ്റർ ചുറ്റളവിൽ ഹൈസ്കൂൾ ഇല്ലാത്തതും ഹൈക്കോടതി പരിഗണിച്ചിരുന്നു. ഏറ്റവും അടുത്തുള്ള ഹൈസ്കൂളിൽ ഈ കുട്ടിയുടെ പഠനം ഉറപ്പാക്കുന്നതിനൊപ്പം കുട്ടിക്കു വാഹന സൗകര്യവും ഒരുക്കി നൽകാമെന്നും വ്യക്തമാക്കിയാണു സർക്കാർ അപ്പീൽ നൽകിയത്. ഒരു കുട്ടിക്കുവേണ്ടി മാത്രം ഹൈസ്കൂൾ തുടങ്ങുന്നത് പ്രായോഗികമല്ലെന്നും സർക്കാർ പറയുന്നു. എൽപി സ്കൂളുകൾക്ക് അഞ്ചാം ക്ലാസും യുപി സ്കൂളിന് എട്ടാം ക്ലാസും അനുവദിക്കാൻ സർക്കാരിനു നിർദേശം നൽകണമെന്ന ഒരു കൂട്ടം ഹർജികൾ ജൂണ്‍ 12നു ഹൈക്കോടതി തള്ളിയിരുന്നു.
ഒരു കുട്ടിക്കായി എട്ടാം ക്ലാസ് തുടങ്ങുന്നതിനു സ്റ്റേ
01:14 AM Jul 19, 2018 | Deepika.com