കൊച്ചി: ഹർജികളിലെ എതിർകക്ഷികൾക്കു നോട്ടീസ് നൽകുന്ന ചട്ടങ്ങളിൽ ഹൈക്കോടതി ഭേദഗതി വരുത്തി. നോട്ടീസ് കൈപ്പറ്റേണ്ട വ്യക്തി സ്ഥലത്തില്ലെങ്കിൽ എന്തു ചെയ്യണമെന്ന കാര്യത്തിൽ കൃത്യമായ മാർഗനിർദേശം ഉൾപ്പെടുത്തിയാണു ഭേദഗതി.
എതിർകക്ഷിയെ കണ്ടെത്താനായില്ലെങ്കിൽ വീട്ടിലെ പ്രായപൂർത്തിയായ അംഗത്തെ നോട്ടീസ് ഏൽപ്പിക്കാമെന്നും ഇതിനു സാധിച്ചില്ലെങ്കിൽ വീടിന്റെ വാതിലിൽ നോട്ടീസ് പതിപ്പിക്കാമെന്നും ഭേദഗതിയിൽ പറയുന്നു. ഇതു നടപ്പാകാതെയും എതിർകക്ഷി മനഃപൂർവം നോട്ടീസ് കൈപ്പറ്റുന്നില്ലെന്നു കോടതിക്കു ബോധ്യമാവുകയും ചെയ്താൽ പത്രപ്പരസ്യം നൽകണം.
എതിർകക്ഷി ഒടുവിൽ താമസിച്ച സ്ഥലത്തു പ്രചാരമുള്ള പത്രത്തിൽ പരസ്യം നൽകണമെന്നും ഭേദഗതിയിൽ പറയുന്നു. കോടതി നോട്ടീസുകൾ കക്ഷികൾ കൈപ്പറ്റിയില്ലെങ്കിൽ എന്തു നടപടി സ്വീകരിക്കണമെന്നു സിവിൽ നടപടി ചട്ടങ്ങളിൽ പറയുന്നുണ്ട്. എന്നാൽ, ഹൈക്കോടതിയിലെ നോട്ടീസ് നടപടികളുടെ ചട്ടങ്ങളിൽ ഇത്തരമൊരു വ്യക്തയില്ലാത്തതിനാലാണു ഭേദഗതി കൊണ്ടുവന്നത്.
ഹൈക്കോടതിയുടെ നോട്ടീസ് കിട്ടിയില്ലെന്നു പറഞ്ഞു തടിതപ്പാനാവില്ല
01:06 AM Jul 17, 2018 | Deepika.com