കൊച്ചി: കനത്ത മഴയിൽ എറണാകുളം വഴിയുള്ള ട്രെയിൻ ഗതാഗതം താറുമാറായി. മഴയെ തുടർന്ന് സൗത്ത് സ്റ്റേഷനിലെ ട്രാക്കിൽ വെള്ളം കയറി. വൈകുന്നേരം ആറോടെ ഓട്ടോമാറ്റിക് സിഗ്നലിംഗ് സംവിധാനവും തകരാറിലായി. ഇതോടെ എറണാകുളം വഴി പേകേണ്ട ദീർഘദൂര ട്രെയിനുകളടക്കമുള്ളവ വിവിധ സ്റ്റേഷനുകളിൽ മണിക്കൂറുകളോളം പിടിച്ചിട്ടു.
6.30ന് എറണാകുളത്തുനിന്ന് പുറപ്പെടേണ്ട എറണാകുളം - കൊല്ലം പാസഞ്ചർ രാത്രി വൈകിയും പുറപ്പെട്ടിട്ടില്ല. 7.10ന് നോർത്ത് സ്റ്റേഷനിൽനിന്ന് പോകേണ്ട പാലരുവി എക്സ്പ്രസ് 50 മിനിറ്റ് വൈകിയാണ് യാത്ര ആരംഭിച്ചത്.
തൃപ്പൂണിത്തുറ, മുളന്തുരുത്തി സ്റ്റേഷനുകളിൽ വിവിധ ട്രെയിനുകൾ പിടിച്ചിട്ടു. തകരാറിലായ ഓട്ടോമാറ്റിക് സിഗ്നലിംഗ് സംവിധാനത്തിന് പകരം മാനുവൽ സിഗ്നലിംഗ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെന്നും സർവീസ് മുടക്കാതെ ട്രെയിനുകൾ കടത്തിവിടാനാണ് ശ്രമിക്കുന്നതെന്നും റെയിൽവേ അധികൃതർ അറിയിച്ചു.
ട്രാക്കിൽ വെള്ളം, സിഗ്നലിംഗ് തകരാർ; ട്രെയിനുകൾ വൈകി
02:42 AM Jul 16, 2018 | Deepika.com