ആലപ്പുഴ: കാറിൽ സഞ്ചരിച്ചിരുന്ന ദന്പതികൾക്കു നേരേ മദ്യപസംഘത്തിന്റെ ആക്രമണം. എറണാകുളം കുണ്ടന്നൂർ സ്വദേശികളായ റോഷൻ, ഭാര്യ ഡോണ എന്നിവർക്കാണ് ആലപ്പുഴ പൂച്ചാക്കലിൽ ഇന്നലെ വൈകിട്ടു മർദനമേറ്റത്. ആക്രമണത്തിൽ കൈ ഒടിഞ്ഞ ഡോണയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർക്കു ശസ്ത്രക്രിയ വേണ്ടിവരുമെന്നാണു ഡോക്ടർമാർ പറയുന്നത്.
പൂച്ചാക്കലിൽ ഒരു വിവാഹത്തിൽ പങ്കെടുത്തു കാറിൽ തിരിച്ചുവരവേ ഇരുചക്രവാഹനത്തിൽമൂന്നു ചെറുപ്പക്കാർ കാറിനു സമീപമെത്തി അസഭ്യം പറഞ്ഞു. ഇതിനു ശേഷം ഇവർ കാറിനു മുന്നിലൂടെ അപകടകരമായ രീതിയിൽ വാഹനമോടിച്ചു. ഇടയ്ക്ക് യുവാക്കളുടെ വാഹനം ബ്രേക്ക് ചെയ്തപ്പോൾ റോഷന്റെ കാറും ബ്രേക്ക് ചെയ്തു. എന്നാൽ, കാർ ഇരുചക്രവാഹനത്തിൽ ഇടിച്ചെന്ന് ആരോപിച്ചു മൂന്നംഗസംഘം വാഹനം നിർത്തി റോഷനെ മർദിച്ചു. റോഷനെ മർദിക്കുന്നതു തടയാൻ ശ്രമിച്ച ഡോണയുടെ കൈ അക്രമിസംഘം പിടിച്ചുതിരിച്ചു.
അക്രമം കണ്ട് ഓടിക്കൂടിയ നാട്ടുകാർ യുവാക്കളെ തടയാൻ ശ്രമിച്ചു. എന്നിട്ടും മർദനം തുടർന്ന രണ്ടു പേരെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. ഒരാൾ ഓടി രക്ഷപ്പെട്ടു. അക്രമിസംഘം മദ്യലഹരിയിലായിരുന്നെന്ന് നാട്ടുകാരും അക്രമത്തിനിരയായ ദന്പതികളും ആരോപിക്കുന്നു. സംഭവത്തിൽ പോലീസ് ഇതുവരെ കേസെടുത്തിട്ടില്ല. ആക്രമണത്തിനിരയായ ദന്പതികളുടെ മൊഴിയും രേഖപ്പെടുത്തിയിട്ടില്ല.
കാറിൽ സഞ്ചരിച്ച ദന്പതികളെ മദ്യപസംഘം ആക്രമിച്ചു
02:21 AM Jul 16, 2018 | Deepika.com