എറണാകുളം: മൂവാറ്റുപുഴ മേഖലയിൽ വിരമിച്ച പോലീസുദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നടക്കുന്ന കൊള്ളപ്പലിശക്കാരുടെ ഭീഷണി കാരണം ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം പെരുകുകയാണെന്ന പരാതിയെക്കുറിച്ചു മൂവാറ്റുപുഴ ഡിവൈഎസ്പി അന്വേഷണം നടത്തി നാലാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നു സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റീസ് ആന്റണി ഡൊമിനിക് ഉത്തരവിട്ടു.
മൂവാറ്റുപുഴ പോലീസ് സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ ആറു മാസത്തിനിടയിൽ കൊള്ളപ്പലിശക്കാരുടെ ഭീഷണി കാരണം മൂന്ന് ആത്മഹത്യകൾ നടന്നെന്നാണു പരാതി. പായിപ്ര കോഫി ഹൗസ് ജീവനക്കാരനും വെള്ളൂർക്കുന്നം സ്വദേശിയും മകളും ആത്മഹത്യ ചെയ്തത് കൊള്ളപ്പലിശക്കാരുടെ വലയിൽപ്പെട്ടാണെന്നു സാമൂഹിക പ്രവർത്തകൻ എം. ജെ. ഷാജി നൽകിയ പരാതിയിൽ പറയുന്നു. വിരമിച്ച പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ കൊള്ളപ്പലിശക്കാർ വെള്ളൂർക്കുന്നം സ്വദേശി ബാബുവിന്റെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയശേഷമാണ് ബാബുവും മകളും ആത്മഹത്യ ചെയ്തതെന്ന് പരാതിയുണ്ട്. മുൻ പോലീസ് ഉദ്യോഗസ്ഥരും ഉന്നതരും കേസിൽ പ്രതികളായതിനാൽ അന്വേഷണം അട്ടിമറിക്കപ്പെടാൻ സാധ്യതയുണ്ടെന്നു നാട്ടുകാർക്കു സംശയമുള്ളതായി പരാതിയിൽ പറയുന്നു.
കൊള്ളപ്പലിശ: അന്വേഷണത്തിനു കമ്മീഷൻ ഉത്തരവ്
02:21 AM Jul 16, 2018 | Deepika.com