എരുമേലി : കാർ ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. കൂവപ്പള്ളി പാറയിൽ ബെന്നി ജോസഫിന്റെ മകൻ വിശാഖ് ജോസഫ് (22) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി പത്തോടെ എരുമേലി- കാഞ്ഞിരപ്പള്ളി റോഡിൽ കൊരട്ടി കെടിഡിസി പിൽഗ്രിം സെന്ററിന് സമീപമാണ് അപകടം.
ചോര വാർന്ന് റോഡിൽ കിടന്ന യുവാവിനെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. റോഡരികിൽ ബൈക്ക് മറിഞ്ഞു അപകടത്തിൽപ്പെട്ട നിലയിൽ വിശാഖിനെ കണ്ടെത്തുകയായിരുന്നു. ബൈക്ക് മറിഞ്ഞു അപകടത്തിൽപ്പെട്ടതാണോ, വേറെ വാഹനങ്ങൾ ഇടിച്ച് അപകടത്തിൽപ്പെട്ടതാണോ എന്ന് വ്യക്തമായിരുന്നില്ല. സമീപത്തെ ബിവറേജ് ഷോപ്പിലെ സിസി കാമറ ദൃശ്യങ്ങൾ പരിശോധിക്കാൻ തീരുമാനിച്ചതോടെ ഇന്നലെ ഉച്ചയോടെ കാർ ഡ്രൈവർ എരുമേലി പോലീസ് സ്റ്റേഷനിൽ ഹാജരായി കീഴടങ്ങുകയായിരുന്നു. ഡ്രൈവർ പാറത്തോട് സ്വദേശി സക്കീറിനെതിരെ കേസ് എടുത്തു.
സക്കീർ സഞ്ചരിച്ച മാരുതി കാർ ഇടിച്ചാണ് ബൈക്ക് യാത്രികൻ മരിച്ചതെന്ന് പോലീസ് അറിയിച്ചു. മരിച്ച വിശാഖ് ടൈൽ ജോലിക്കാരനായിരുന്നു. അമ്മ ഷൈനി മുണ്ടക്കയം തറയശേരിയിൽ കുടുംബാംഗം. സഹോദരങ്ങൾ: വിവേക്, വിമൽ. സംസ്കാരം ഇന്ന് രാവിലെ പത്തിന് കൂവപ്പള്ളി സെന്റ് ജോസഫ് പള്ളിയിൽ.
കാർ ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു
02:05 AM Jul 16, 2018 | Deepika.com