ഹരിപ്പാട്: ജാതി പറയുന്നത് അഭിമാനമാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എസ്എൻഡിപി യോഗം ചേപ്പാട് യൂണിയനിലെ ശ്രീനാരായണ ധർമോത്സവവും പ്രതിഭാസംഗമവും മഹാദേവികാട് ധന്യ ഒാഡിറ്റോറിയത്തിലെ ശ്രീനാരായണ ധർമപുരിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജാതി അധിഷ്ഠിതമായ നിയമം നിലനിൽക്കുന്പോൾ ജാതി പറഞ്ഞേ പറ്റു. നീതി ലഭിക്കാനായാണു ജാതി പറയേണ്ടത്.
മാറിമാറി ഭരിച്ച മുന്നണികൾ നമുക്ക് എന്തു ഗുണം ചെയ്തുവെന്ന് ഓരോരുത്തരും ആത്മപരിശോധന നടത്തണം. രാഷ്ട്രീയ അഭിപ്രായങ്ങൾ നിലനിൽക്കുന്പോൾതന്നെ സമുദായത്തിനുവേണ്ടതു നേടിയെടുക്കാൻ കഴിയണം. മൈക്രോഫിനാൻസിന്റെ പേരിൽ തനിക്കെതിരേ കള്ളപ്പരാതി നൽകിയ സുധീരൻ ഇപ്പോൾ ആർക്കും വേണ്ടാതെ അലഞ്ഞു നടക്കുന്നു.
പരാതിയിൽ കേസെടുക്കാൻ നിർദേശിച്ച രമേശ് ചെന്നിത്തല മുഖ്യമന്ത്രി ആകാൻ നടന്നിട്ട് ഇപ്പോൾ എന്തെന്നറിയാതെ നടക്കുന്നു. താൻ 2,000 കോടി വാങ്ങിയെന്നു പറഞ്ഞ വി.എസ്. അച്യുതാനന്ദൻ ഇപ്പോൾ നോക്കുകൂലി വാങ്ങി വെറുതെ ഇരിക്കുന്നു. തന്നെയും സംഘടനയെയും തകർക്കാൻ ശ്രമിച്ചവരെല്ലാം തകർന്നുകൊണ്ടിരിക്കുന്നു. മറ്റുള്ളവരുടെ അവകാശങ്ങൾ പിടിച്ചുപറിക്കലല്ല, ഉള്ള അവകാശങ്ങൾ നേടിയെടുക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. യൂണിയൻ പ്രസിഡന്റ് എസ്.സലികുമാർ അധ്യക്ഷനായി.
ജാതി പറയുന്നത് അഭിമാനമാണെന്ന് വെള്ളാപ്പള്ളി നടേശൻ
02:05 AM Jul 16, 2018 | Deepika.com